72 ലും ചുറുചുറുക്കോടെ കുടുംബശ്രീ പ്രവര്‍ത്തക ഏലിയാമ്മ

കാസര്‍കോട്: കോട്ടയം ചങ്ങനാശ്ശേരിയില്‍ നിന്ന് 20 വര്‍ഷം മുമ്പ് കുമ്പളയിലെത്തിയ ഏലിയാമ്മയ്ക്ക് ഇപ്പോള്‍ വയസ് 72. ഈ പ്രായത്തിലും ഇവര്‍ കുമ്പളയില്‍ കുടുംബശ്രീ, തൊഴിലുറപ്പ്, ഹരിത കര്‍മ്മസേന എന്നിവയില്‍ പ്രവര്‍ത്തിക്കുന്നു. ഈ പ്രായത്തിനിടക്ക് ഏലിയാമ്മ ചെയ്യാത്ത ജോലികളില്ല. ഏത് ജോലിയും ചെയ്യാനുള്ള മനസ് ഏലിയാമ്മയ്ക്കുണ്ട്. തന്റെ പ്രായത്തിലുള്ള പലരും വാര്‍ദ്ധക്യത്തിന്റെ അവശതയുമായി ജീവിതം തള്ളിനീക്കുമ്പോള്‍ ഏലിയാമ്മ ഇപ്പോഴും കഠിനാധ്വാനിയാണ്. കഴിഞ്ഞ ദിവസം കുമ്പള ഗ്രാമപഞ്ചായത്തിലെ കുടുംബശ്രീയുടെ വാര്‍ഷികാഘോഷത്തില്‍ ഏലിയാമ്മ പാട്ടുപാടി കാണികളെ അമ്പരിപ്പിച്ചു. ഡാന്‍സ് ചെയ്തും സദസ്സിനെ ഇളക്കിമറിച്ചു. മലയാള പ്രസംഗത്തില്‍ ഒന്നാം സ്ഥാനം നേടിയപ്പോള്‍ ലളിതഗാനം, ഫാന്‍സി ഡ്രസ്സ്, ഫോക്ക് ഡാന്‍സ്, കവിതാ രചന എന്നിവയില്‍ രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി.
ജോലിത്തിരക്കിനിടയിലും ‘പ്രായമായില്ലേ നിര്‍ത്തിക്കൂടെ’ എന്ന് ചോദിച്ചാല്‍ ‘ജീവിതത്തില്‍ റിട്ടയര്‍മെന്റ് എന്നൊന്നില്ലെന്ന് ഏലിയാമ്മ തറപ്പിച്ച് പറയും. സര്‍ക്കാര്‍, സ്ഥലവും കുമ്പള ഗ്രാമപഞ്ചായത്ത് ഭവന നിര്‍മ്മാണ സഹായവും നല്‍കിയതുകൊണ്ട് കുമ്പളയ്ക്കടുത്ത് പേരാല്‍ പൊട്ടോരിയില്‍ വീടു നിര്‍മാണം പകുതിയിലെത്തി. പണി പൂര്‍ത്തീയാക്കാന്‍ കൈയില്‍ ഇനി ചില്ലിക്കാശില്ലെന്ന് ഏലിയാമ്മ പറയുന്നു. ഭര്‍ത്താവും മകനുമൊക്കെ എറണാകുളത്ത് തന്നെയാണ് താമസം. ഏലിയാമ്മയ്ക്ക് ഒരു കണ്ണിന് കാഴ്ച കുറവാണ്. കഴിഞ്ഞ വര്‍ഷം ഏലിയാമ്മയെ മാതൃദിനത്തില്‍ മൊഗ്രാല്‍ ദേശീയവേദി ആദരിച്ചിരുന്നു.
കുമ്പള കോയിപ്പാടി റോഡിലെ കെവിഎസ് കോമ്പൗണ്ടിലെ വാടക കെട്ടിടത്തിലാണ് 20 വര്‍ഷമായി ഏലിയാമ്മയുടെ താമസം. എറണാകുളം എഴുപുന്നം നീണ്ടകര സ്വദേശി സിപി ജോണാണ് ഭര്‍ത്താവ്. അഡ്വ.ജോണ്‍ ദിദിമോസ് ഏക മകന്‍.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page