ശക്തമായ കാറ്റിൽ കൂറ്റൻ പരസ്യ ബോർഡ് തകർന്നു വീണു; കാസർകോട് പുതിയ ബസ് സ്റ്റാൻഡിലാണ് അപകടം; ആളപായമില്ല

കാസർകോട്: ശക്തമായ കാറ്റിൽ കാസർകോട് പുതിയ ബസ് സ്റ്റാൻഡിലെ കെട്ടിടത്തിന് മുകളിൽ സ്ഥാപിച്ച കൂറ്റൻ പരസ്യ ബോർഡ് തകർന്നുവീണു. ആളപായമില്ല. ഞായറാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് അപകടം നടന്നത്. അപകടം നടക്കുന്നതിന് മുമ്പ് നിരവധി ആളുകൾ പരസ്യ ബോർഡ് സ്ഥാപിച്ച കെട്ടിടത്തിന് താഴെ നടന്നു പോകുന്നുണ്ടായിരുന്നു. കാറ്റിൽ തകരുന്നതിന്റെ വലിയ ശബ്ദം കേട്ടതോടെ ആളുകൾ ചിതറി ഓടി. അപ്പോഴേക്കും ബോർഡ് തകർന്നുവീണിരുന്നു. തലനാരിഴ വ്യത്യാസത്തിനാണ് ആളുകൾ രക്ഷപ്പെട്ടത്. പരസ്യ ഫ്ലക്സ് ബോർഡിന് ബലം നൽകിയിരുന്ന ഇരുമ്പ് കമ്പികളും കോൺക്രീറ്റ് ഭാഗങ്ങളുമടക്കമുള്ളവയും താഴേക്ക് പതിച്ചപ്പോൾ ഇതിനടിയിൽ നിർത്തിയിട്ടിരുന്ന രണ്ട് ഇരുചക്ര വാഹങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചു. വൈദ്യുതി ലൈനുകളും തകർന്നിരുന്നു. നിരവധി കേബിളുകളും പൊട്ടിവീണതിനാൽ ഇന്റർനെറ്റ് അടക്കമുള്ള സേവനങ്ങളും പലയിടത്തും തടസപ്പെട്ടു. കാറ്റിനോടൊപ്പം നഗരത്തിലും പരിസര പ്രദേശങ്ങളിലും മഴയും പെയ്തിരുന്നു. പരസ്യ ബോർഡ് തകർന്നു വീഴുന്നതിന്റെ ദൃശ്യം സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page