വിവാദങ്ങള്‍ക്കിടെ കോവിഷീല്‍ഡ് വാക്‌സിന്‍ ആഗോളതലത്തില്‍ പിന്‍വലിച്ചു; വാണിജ്യപരമായ കാരണങ്ങളാലെന്ന് നിര്‍മ്മാണ കമ്പനിയായ ആസ്ട്രാസെനെക

ന്യൂഡല്‍ഹി: കോവിഡ് -19 വാക്‌സിനായ കോവിഷീല്‍ഡ് ഇനി ഉണ്ടാവില്ല. കാവിഷീല്‍ഡ് അപൂര്‍വമായ പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കുമെന്ന് സമ്മതിച്ചതിന് പിന്നാലെ വാക്സിന്‍ പിന്‍വലിച്ച് നിര്‍മ്മാണ കമ്പനിയായ ആസ്ട്രാസെനെക. കോവിഡ് വാക്സിന്‍ ഉത്പാദനവും വിതരണവും പൂര്‍ണമായി അവസാനിപ്പിക്കുന്നതായി കമ്പനി അറിയിച്ചു. വാണിജ്യപരമായ കാരണങ്ങളാല്‍ വാക്സിന്‍ വിപണിയില്‍ നിന്ന് നീക്കം ചെയ്യുകയാണെന്ന് ആസ്ട്രസെനെക പറഞ്ഞയായി ദ ടെലിഗ്രാഫിന്റെ റിപ്പോര്‍ട്ട് പറയുന്നു. കോവിഡ് -19നുള്ള വാക്‌സിനുകളുടെ ലഭ്യത അധികമായതിനാലും പുതിയ വകഭേദങ്ങളെ പ്രതിരോധിക്കാന്‍ കഴിവുള്ള നവീകരിച്ച വാക്‌സിനുകള്‍ കോവിഷീല്‍ഡിനെ അപ്രസക്തമാക്കിയെന്നും കമ്പനി വിശദീകരിക്കുന്നു.
കോവിഷീല്‍ഡ് വാക്സിന്‍ അപൂര്‍വസാഹചര്യങ്ങളില്‍ രക്തം കട്ടപിടിക്കുന്നതിനും പ്ലേറ്റ്ലേറ്റ് കൗണ്ട് കുറയുന്നതിനും കാരണമാകുമെന്നാണ് യുകെ. ഹൈക്കോടതിക്ക് മുമ്പാകെയെത്തിയ പരാതിക്ക് മറുപടിയായി കമ്പനി അറിയിച്ചത്. വാക്‌സിന്‍ സ്വീകരിച്ച 51 പേര്‍ക്ക് ആരോഗ്യപ്രശ്നങ്ങളുണ്ടായി എന്ന പരാതി യുകെയില്‍ നിന്നാണ് ആദ്യമായി ഉയര്‍ന്നുവന്നത്. ഇതിന് പിന്നാലെ കമ്പനി തന്നെ യുകെ ഹൈക്കോടതിയില്‍ പാര്‍ശ്വഫലങ്ങളുള്ളതായി സമ്മതിച്ചു. ഇതോടെയാണ് സംഭവം വിവാദമാകുന്നത്. ഓക്‌സ്ഫഡ് സര്‍വകലാശാലയുമായിച്ചേര്‍ന്ന് ആസ്ട്രസെനെക വികസിപ്പിച്ച വാക്സിന്‍, സിറം ഇന്‍സ്റ്റ്യിറ്റിയൂട്ട് ഓഫ് ഇന്ത്യയാണ് കോവിഷീല്‍ഡ് എന്ന പേരില്‍ ഇന്ത്യയില്‍ നിര്‍മ്മിച്ചത്.
കോവിഷീല്‍ഡ്, വാക്സ്സെവ്റിയ തുടങ്ങിയ പല ബ്രാന്‍ഡ് നാമങ്ങളില്‍ ആഗോളതലത്തില്‍ ഉപയോഗിച്ച വാക്‌സിനാണിത്. അതേസമയം പാര്‍ശ്വഫലങ്ങള്‍ ഉള്ളതുകൊണ്ടല്ല വാക്സിന്‍ പിന്‍വലിക്കുന്നതെന്നും വളരെയധികം വാക്സിനുകള്‍ മാര്‍ക്കറ്റിലുണ്ട്, തങ്ങളുടെ വില്‍പന ഇടിഞ്ഞെന്നും അതിനാലാണ് പിന്‍വലിക്കുന്നതെന്നാണ് കമ്പനിയുടെ വിശദീകരണം.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page