ഗദഗെ കൂട്ടക്കൊല: ക്വട്ടേഷന്‍ സംഘം അറസ്റ്റില്‍; ക്വട്ടേഷന്‍ നല്‍കിയത് അര്‍ധ സഹോദരന്‍

മംഗളൂരു: നോര്‍ത്ത് കര്‍ണ്ണാടക ഗദക, ബടഗേരിയില്‍ പതിനേഴുകാരിയടക്കം നാലുപേരെ വെട്ടിക്കൊന്ന സംഭവത്തില്‍ ആറംഗ ക്വട്ടേഷന്‍ സംഘം അറസ്റ്റില്‍. ഗദഗെ സ്വദേശികളായ വിനായക, ഫൈറോസ്, നിഷാല്‍, സാഹിര്‍, സോഹല്‍, സുല്‍ത്താന്‍ ഷേഖ്, മഹേഷ്, വാഹിദ് എന്നിവരെയാണ് പൊലീസ് അറസ്റ്റു ചെയ്തത്. ഇവരില്‍ വിനായക കൂട്ടക്കൊല നടത്തുന്നതിന് 65 ലക്ഷം രൂപക്ക് ക്വട്ടേഷന്‍ നല്‍കിയ ആളാണെന്ന് പൊലീസ് പറഞ്ഞു. ഏപ്രില്‍ 19ന് രാത്രിയിലാണ് നാടിനെ നടുക്കിയ കൂട്ടക്കൊലപാതകം നടന്നത്. ബടഗേരി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ വൈസ് പ്രസിഡണ്ട് സുനന്ദയുടെ മകന്‍ കാര്‍ത്തിക് പ്രകാശ് ബാക്കളെ, കൊപ്പളയിലെ പരശുരാമ, ഭാര്യ ലക്ഷ്മിഭായ്, മകള്‍ ആകാംക്ഷ എന്നിവരാണ് ദാരുണമായി കൊല്ലപ്പെട്ടത്.
കാര്‍ത്തിക് പ്രകാശിന്റെ വീട്ടിലായിരുന്നു കൊലപാതകം. ഇയാളുടെ വിവാഹവുമായി ബന്ധപ്പെട്ട കാര്യങ്ങളെക്കുറിച്ച് സംസാരിക്കുന്നതിന് വേണ്ടിയാണ് പരശുരാമനും കുടുംബവും സംഭവ ദിവസം വീട്ടിലെത്തിയിരുന്നത്. ഇവര്‍ ഒരു മുറിയിലും കാര്‍ത്തിക് പ്രകാശ് മറ്റൊരു മുറിയിലുമാണ് കിടന്നിരുന്നത്. കാര്‍ത്തികിന്റെ പിതാവ് പ്രകാശ് ബാക്കളയും ഭാര്യ സുനന്ദയും മറ്റൊരു മുറിയിലുമായിരുന്നു. അര്‍ധരാത്രിയോടെ വീട്ടിലെത്തിയ ക്വട്ടേഷന്‍ സംഘം വാതില്‍ തകര്‍ത്താണ് അകത്ത് കയറിയത്.
ആദ്യം പരശുരാമയെയും കുടുംബത്തെയും കൊലക്കത്തിക്ക് ഇരയാക്കിയ ക്വട്ടേഷന്‍ സംഘത്തിന്റെ അക്രമം തടയാനുള്ള ശ്രമത്തിനിടയിലാണ് കാര്‍ത്തിക് പ്രകാശ് കൊല്ലപ്പെട്ടത്.
പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കൂട്ടക്കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. കാര്‍ത്തിക് പ്രകാശിന്റെ അര്‍ധസഹോദരനായ വിനായകനാണ് 65 ലക്ഷം രൂപക്ക് ക്വട്ടേഷന്‍ നല്‍കിയതെന്ന് പൊലീസ് പറഞ്ഞു. സ്വത്തുസംബന്ധമായ പ്രശ്നമാണ് കൂട്ടക്കൊലപാതകത്തില്‍ കലാശിച്ചത്. കൂടുതല്‍ വിവരങ്ങള്‍ അന്വേഷിച്ചുവരുന്നതായി പൊലീസ് പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page