മാസപ്പടി വിവാദം ഗൗരവമേറിയത്; വീണാ വിജയനെതിരെയുള്ള ആരോപണം അന്വേഷിക്കുമെന്ന് ഗവര്‍ണര്‍

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയനെതിരെയുള്ള ആരോപണം ഗൗരവത്തോടെ കാണുമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ആദായനികുതി വകുപ്പിന്റെ കണ്ടെത്തലുകള്‍ ഗുരുതരമാണെന്ന് ഗവര്‍ണര്‍ പ്രതികരിച്ചു. ആരോപണങ്ങള്‍ മാത്രമല്ല പുറത്ത് വന്നത്, ഇന്‍കം ടാക്സിന്റെ കണ്ടെത്തലുകളാണെന്നും ഇത് ഗൗരവത്തോടെ കാണുമെന്നും ഗവര്‍ണര്‍ വ്യക്തമാക്കി. വിഷയത്തില്‍ മുഖ്യമന്ത്രിയോട് വിശദീകരണം തേടുന്നതിനെക്കുറിച്ച് പിന്നീട് തീരുമാനിക്കുമെന്നും അദ്ദേഹം കൊച്ചിയില്‍ മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം മുന്‍ ചീഫ് ജസ്റ്റിസ് മണികുമാറിന്റെ നിയമനത്തെക്കുറിച്ച് ഇതുവരെ അറിയിപ്പ് ലഭിച്ചതിനുശേഷം ആവശ്യമെങ്കില്‍ നിയമോപദേശം തേടുമെന്നും ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം, വീണയ്‌ക്കെതിരേ ഉയര്‍ന്ന മാസപ്പടി ആരോപണത്തില്‍ ന്യായീകരണവുമായി സി.പി.എം. സംസ്ഥാന സെക്രട്ടറി രംഗത്തെത്തിയിരുന്നു. രണ്ട് കമ്പനികള്‍ തമ്മില്‍ ഒപ്പുവെച്ച കരാറാണെന്നും അതുപ്രകാരം പ്രതിഫലം പറ്റാന്‍ അവകാശമുണ്ടെന്നും എം.വി. ഗോവിന്ദന്‍ പറഞ്ഞു. എന്നാല്‍, ഏത് സേവനത്തിനാണ് പണം കൈപ്പറ്റിയതെന്ന ചോദ്യത്തിന് അദ്ദേഹം മറുപടി നല്‍കിയില്ല. കൊച്ചിന്‍ മിനറല്‍സ് ആന്‍ഡ് റൂട്ടൈല്‍ ലിമിറ്റഡ് എന്ന സ്വകാര്യ കമ്പനിയില്‍നിന്ന് മാസപ്പടി ഇനത്തില്‍ 3 വര്‍ഷത്തിനിടെ 1.72 കോടി രൂപ കൈപ്പറ്റിയെന്നാരുന്നു ആദായ നികുതി തർക്ക പരിഹാര ബോർഡ് കണ്ടെത്തിയത്. നൽകാത്ത സേവനത്തിന് പണം കൈപ്പറ്റിയെന്നാണ് വീണയ്ക്കെതിരായ ആരോപണം. ഇടപാട് നിയമവിരുദ്ധമാണെന്നാണ് ആദായനികുതി തര്‍ക്കപരിഹാര ബോര്‍ഡിന്റെ വിലയിരുത്തല്‍. സിഎംആര്‍എല്‍. വീണാ വിജയന് നല്‍കിയത് മാസപ്പടിയല്ലെന്നും കണ്‍സള്‍ട്ടന്‍സി ഫീസാണെന്നും സിഎംആര്‍എല്‍ ജനറല്‍ സെക്രട്ടറി അജിത്ത് കര്‍ത്ത പ്രതികരിച്ചിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page