കാസര്‍കോട്: ജില്ലയിലെ പ്രശസ്ത ക്ഷേത്രമായ കുമ്പള ആരിക്കാടി പാറ ശ്രീ ഭഗവതി ആലി ചാമുണ്ഡി ക്ഷേത്രത്തിലെ ഉത്സവം വിവാദത്തിലേക്ക്. ക്ഷേത്ര ഉത്സവത്തിന് ഭണ്ടാര ക്ഷേത്രത്തില്‍ നിന്ന് ഭണ്ടാരം ക്ഷേത്രത്തിലേക്ക് കൊണ്ടുവരേണ്ടെന്നും ക്ഷേത്രത്തിനു വേണ്ട ഭണ്ടാരം ക്ഷേത്രം ഉണ്ടാക്കിയിട്ടുണ്ടെന്നും ദേവസ്വം ബോര്‍ഡ് ഭണ്ടാര വീട്ടിലേക്ക് കത്തയച്ചിരുന്നു 2023 മാര്‍ച്ച് 26നായിരുന്നു ഇത്. അക്കൊല്ലം കളിയാട്ട മഹോത്സവത്തിന് ഭണ്ടാര ക്ഷേത്രത്തില്‍ നിന്ന് ക്ഷേത്രത്തിലേക്ക് ഭണ്ടാരം കൊണ്ടുപോയതുമില്ല. 1800 വര്‍ഷമായി പാരമ്പര്യ ആചാരാനുഷ്ഠാനങ്ങളോടെ നടത്തിയിരുന്ന കളിയാട്ടം അക്കൊല്ലം ഭണ്ടാരം എഴുന്നള്ളിപ്പില്ലാതെ ആയിരുന്നു നടന്നത്. കളിയാട്ടത്തിന്റെ ഭാഗമായി ഗുരു സാന്നിധ്യത്തിന് വേണ്ടി ഭണ്ടാരപ്പുരയിലേക്കുള്ള തെയ്യങ്ങളുടെ എഴുന്നള്ളത്ത് ചടങ്ങും നിര്‍ത്തിവച്ചു. ഇതിന്റെ ഭാഗമായി ബെല്ലമ്പാടി തറവാട് കാരണവര്‍, പാടാര്‍കുളങ്ങര ഭഗവതി ആചാരസ്ഥാനികന്‍, വീരകാളി ദൈവം ആചാരസ്ഥാനികന്‍, കുമ്പള പാലത്താടി തറവാട് വീരപുത്രന്‍ ദൈവം ആചാര സ്ഥാനികന്‍, ബമ്പ്രാണ മലയാം ചാമുണ്ഡി ആചാരസ്ഥാനികന്‍, ഗുഡ്ഡെ തറവാട് കര്‍മ്മി എന്നിവര്‍ കളിയാട്ടത്തില്‍ നിന്ന് വിട്ടുനിന്നു. അതേസമയം ഭണ്ടാര വീട് നവീകരണം ആരംഭിച്ചിട്ടുണ്ട്. ശിലാന്ന്യാസം 24 നു നടക്കുമെന്ന് ഭാരവാഹികളായ എ. രാമദാസ്, കെ.നാഗേഷ് എന്നിവര്‍ അറിയിച്ചു.
