സൗദി അറേബ്യയില്‍ ശക്തമായ മഴ; ഡാമുകള്‍ തുറന്നുവിട്ടു

സൗദി അറേബ്യയില്‍ ശക്തമായ മഴയും വെള്ളപ്പാച്ചിലും. നിരവധി ഡാമുകള്‍ തുറന്നുവിട്ടു. ഒഴുക്കില്‍പ്പെട്ട വാഹനങ്ങളില്‍നിന്ന് ആളുകളെ രക്ഷപ്പെടുത്തി. ശനിയാഴ്ച ആരംഭിച്ച മഴക്കും വെള്ളപ്പാച്ചിലിനും ചൊവ്വാഴ്ചയും ശമനം വന്നിട്ടില്ല. രാജ്യ തലസ്ഥാനമായ റിയാദിലും പുണ്യനഗരങ്ങളായ മക്ക, മദീന എന്നിവിടങ്ങളിലും തെക്കന്‍ പ്രവിശ്യയായ അസീറിലും ശക്തമായ മഴയാണ് പെയ്യുന്നത്. നിറഞ്ഞുകവിയാന്‍ തുടങ്ങിയതോടെ അല്‍ ബാഹ പ്രവിശ്യയിലെ 15 ഡാമുകള്‍ തുറന്നുവിട്ടു. ജിസാന്‍ മേഖലയുടെ ചിലഭാഗങ്ങളില്‍ കനത്ത മഴയാണ് ഉണ്ടായത്. തെക്കന്‍ പ്രവിശ്യയിലെ തന്നെ ടൂറിസം കേന്ദ്രമായ വാദി ലജബില്‍ വെള്ളത്തില്‍ മുങ്ങിയ ഒരു കുടുംബത്തെ രണ്ട് യുവാക്കള്‍ രക്ഷപ്പെടുത്തി. പിതാവും കുഞ്ഞും ഉള്‍പ്പെടെ 10 പേരടങ്ങുന്ന കുടുംബമാണ് വെള്ളപ്പൊക്കത്തില്‍ കുടുങ്ങിയത്. പ്രദേശവാസികളായ ഹസന്‍ ജാബിര്‍ അല്‍സലമി, അബ്ദുല്ല യഹ്യ അല്‍സലമി എന്നീ യുവാക്കളാണ് രക്ഷകരായത്. ഇവര്‍ വെള്ളപ്പൊക്കത്തില്‍ മുങ്ങിമരിക്കുന്നതില്‍നിന്ന് ഈ കുടുംബത്തെ രക്ഷപ്പെടുത്തുകയായിരുന്നു. പ്രദേശവാസികളുടെ സഹായത്തോടെ യുവാക്കള്‍ കുടുംബത്തെ സുരക്ഷിതമായ സ്ഥലത്തേക്ക് എത്തിച്ചു. പിന്നീട് സിവില്‍ ഡിഫന്‍സ് ടീം എത്തി ആളപായം കൂടാതെ കുടുംബത്തെ രക്ഷപ്പെടുത്തുകയും ഇവരുടെ വാഹനം കണ്ടെടുക്കുകയും ചെയ്തു.
തെക്കന്‍ മേഖലയില്‍ വെള്ളപ്പൊക്ക ഭീഷണി നിലനില്‍ക്കുന്നു. ഈ മേഖലയിലെ അല്‍ബാഹ പ്രവിശ്യയിലാണ് ഏറ്റവും വലിയ കെടുതികളുണ്ടായിരിക്കുന്നത്. ഇവിടെ ബല്‍ജുറഷിയില്‍ ഒഴുക്കില്‍പ്പെട്ട ഒരു വാഹനത്തില്‍നിന്ന് അഞ്ച് പേരെ സിവില്‍ ഡിഫന്‍സ് രക്ഷപ്പെടുത്തി. കനത്ത മഴയെ തുടര്‍ന്നുണ്ടായ ഒഴുക്കിലാണ് അഞ്ച് പേര്‍ സഞ്ചരിച്ച വാഹനം മുങ്ങി ഒഴുകിയത്. മേഖലയില്‍ കനത്ത വെള്ളപ്പൊക്കത്തില്‍ ഒരു വാഹനം ഒഴുകിപ്പോയതായും വൈദ്യുതി പോസ്റ്റുകള്‍ നിലംപതിച്ചതായും റിപ്പോര്‍ട്ടുണ്ട്. കുലംകുത്തി പായുന്ന വെള്ളത്തില്‍ കാര്‍ ഒഴുകിപ്പോകുന്ന വീഡിയോ ക്ലിപ്പ് സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചു. മുന്‍കരുതലെന്നോണം മഴയെ തുടര്‍ന്ന് അല്‍ ബാഹ, ഹസ്ന, ഖല്‍വ, അല്‍ അബ്നാഅ് പ്രദേശങ്ങളിലെ റോഡിലെ ചുരങ്ങള്‍ അടച്ചിട്ടിരിക്കുകയാണ്.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page