കാസര്‍കോട്: റേഷന്‍ കടകള്‍ സംസ്ഥാനവ്യാപകമായി ശൂന്യമായിക്കൊണ്ടിരിക്കെ, ബി പി എല്‍- അന്ത്യോദയ അന്നയോജന കാര്‍ഡുകളുടെ മസ്റ്ററിംഗിന്റെ പേരില്‍ ഇന്നു രാവിലെ റേഷന്‍ കടകളില്‍ വിളിച്ചുവരുത്തി കാര്‍ഡുടമകളെ വിഷമിപ്പിച്ചു. രാവിലെ 6മണിമുതല്‍ മസ്റ്ററിംഗ് സെന്ററുകളില്‍ എത്തണമെന്നായിരുന്നു മുന്‍കൂട്ടിയുള്ള സര്‍ക്കാര്‍ നിര്‍ദ്ദേശം. അതനുസരിച്ചു അതിരാവിലെ റേഷന്‍ കടകള്‍ക്കു മുന്നില്‍ ആളുകള്‍ തടിച്ചു കൂടിയെങ്കിലും സര്‍വര്‍ തകരാറുമൂലം മണിക്കൂറുകള്‍ കാത്തു നിന്നവര്‍ വിഷമിച്ചു. അപൂര്‍വ്വം ചിലര്‍ നിരാശരായി മടങ്ങുകയും ചെയ്തു. റംസാന്‍ വ്രതമനുഷ്ഠിക്കുന്നവരും സ്‌കൂള്‍ വിദ്യാര്‍ത്ഥികളുമായിരുന്നു മസ്റ്ററിംഗിനെത്തിയവരിലധികവും. ജോലിക്കു പോകേണ്ടവരുമുണ്ടായിരുന്നു. റേഷനും മസ്റ്ററിംഗും മുടങ്ങിയതുപോലെ തൊഴിലും പഠനവും കൂടി നഷ്ടമായതില്‍ കാത്തു നിന്നു മടങ്ങിയവര്‍ സ്വയം പഴിച്ചു. മൂന്നു ദിവസമായിരുന്നു മസ്റ്ററിംഗിന് നിര്‍ദ്ദേശിച്ചിരുന്നത്. ആദ്യ ദിവസമായിരുന്ന പുലര്‍ച്ചെ മുതല്‍ ഉച്ചവരെ ക്യൂവില്‍ നിന്നവരോട് മഞ്ഞകാര്‍ഡുള്ളവര്‍ മാത്രം ക്യൂവില്‍ നിന്നാല്‍ മതിയെന്നും പിങ്ക് കാര്‍ഡ് ഉള്ള ബി പി എല്ലുകാര്‍ അടുത്ത ദിവസം എത്താനും അധികൃതര്‍ പറഞ്ഞതോടെ നേരിയ തോതില്‍ പ്രതിഷേധവും ഉയര്‍ന്നു. വിദേശത്തും മറ്റും സ്ഥലങ്ങളിലുമുള്ളവരെയും ജോലിയും വരുമാനവുമുള്ളവരെയും ബി പി എല്‍- അന്ത്യോദയ അന്യയോജന കാര്‍ഡില്‍ നിന്ന് ഒഴിവാക്കുന്നതിനും റേഷന്‍ വിതരണം സംശുദ്ധമാക്കുന്നതിന്റെ ഭാഗമായിരുന്നു മസ്റ്ററിംഗ് നടപടിയെന്നു പറയുന്നു. ഇപ്പോള്‍ റേഷനും ഇല്ല, മസ്റ്ററിംഗുമില്ല എന്ന സ്ഥിതിയായിരിക്കുകയാണെന്ന് കാര്‍ഡുടമകള്‍ പരിതപിച്ചു. എന്നാല്‍ ഇന്നത്തെ മസ്റ്ററിംഗ് നിര്‍ത്തലാക്കിയെന്നും ഇനി യന്ത്രതകരാര്‍ പരിഹരിച്ചശേഷമേ മസ്റ്ററിംഗ് ഉണ്ടായിരിക്കുകയുള്ളൂവെന്നും മന്ത്രി അനില്‍ അറിയിച്ചു. റേഷന്‍ വിതരണം മുടങ്ങരുതെന്നും ജീവനക്കാരോട് അദ്ദേഹം നിര്‍ദ്ദേശിച്ചിട്ടുണ്ട്.