കേന്ദ്രസര്‍ക്കാരിന് തിരിച്ചടി; ഇലക്ടറല്‍ ബോണ്ടുകള്‍ ഭരണഘടനാവിരുദ്ധം; റദ്ദാക്കണമെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ ഇലക്ടറല്‍ ബോണ്ട് പദ്ധതി ഭരണഘടനാവിരുദ്ധമാണെന്ന് സുപ്രീംകോടതി. രാഷ്ട്രീയ പാര്‍ട്ടികള്‍ക്കുള്ള സംഭാവനകള്‍ അറിയാനുള്ള അവകാശം പൊതുജനങ്ങള്‍ക്കുണ്ടെന്നും കള്ളപ്പണം ഒഴിവാക്കാനുള്ള ഏക വഴിയല്ല ഇലക്ടറല്‍ ബോണ്ടെന്നും കോടതി പറഞ്ഞു. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ബി ആര്‍ ഗവായ്, ജെ ബി പര്‍ദിവാല, മനോശ് മിശ്ര എന്നിവരടങ്ങിയ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്. രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ഇലക്ടറല്‍ ബോണ്ടിലൂടെ ലഭിച്ച സംഭാവനകളുടെ വിശദാംശങ്ങള്‍ തെരഞ്ഞെടുപ്പു കമീഷനു നല്‍കാന്‍ എസ്ബിഐയ്ക്ക് കോടതി നിര്‍ദ്ദേശം നല്‍കി. അടുത്ത മാസം 31 നകം വിശദാംശങ്ങള്‍ പരസ്യപ്പെടുത്താന്‍ തെരഞ്ഞെടുപ്പു കമീഷനോടും സുപ്രീംകോടതി നിര്‍ദ്ദേശിച്ചു. 2016 ല്‍ നോട്ടുനിരോധനത്തിന് തൊട്ടുപിന്നാലെയാണ് നിയമഭേദഗതിവഴി കേന്ദ്രസര്‍ക്കാര്‍ ഇലക്ടറല്‍ ബോണ്ട് കൊണ്ടുവന്നത്. 2017 ല്‍ ധനനിയമം, ജനപ്രാതിനിധ്യ നിയമം, വിദേശ സംഭാവന നിയന്ത്രണ നിയമം, റിസര്‍വ് ബാങ്ക് നിയമം, ആദായനികുതി നിയമം എന്നിവ തിരക്കിട്ട് ഭേദഗതി ചെയ്താണ് ഇതിനു കളമൊരുക്കിയത്. 1000, 10000, ലക്ഷം, 10 ലക്ഷം, കോടി എന്നീ മൂല്യങ്ങളിലുള്ള ബോണ്ടുകളാണ് ഇറക്കുന്നത്. ഇവ ലഭിക്കുന്ന രാഷ്ട്രീയ പാര്‍ടികള്‍ 15 ദിവസത്തിനകം ബോണ്ടുകള്‍ ബാങ്കില്‍ സമര്‍പ്പിച്ച് പണമാക്കി മാറ്റണം എന്നായിരുന്നു വ്യവസ്ഥ. ഇലക്ടറല്‍ ബോണ്ട് പദ്ധതിയുടെ നിയമസാധുത ചോദ്യംചെയ്ത് സിപിഐ എമ്മും അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസുമാണ് സുപ്രീംകോടതിയെ സമീപിച്ചത്.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page