തൃപ്പൂണിത്തുറ പുതിയ കാവ് ക്ഷേത്ര പടക്കശാലയിലെ സ്ഫോടനം; 5 പേർ കൂടെ കസ്റ്റഡിയിൽ; പിടിയിലായത് ക്ഷേത്ര ഭാരവാഹികൾ

കൊച്ചി: തൃപ്പൂണിത്തുറ പടക്ക സംഭരണശാലയിലുണ്ടായ സ്ഫോടനവുമായി ബന്ധപ്പെട്ട കേസില്‍ കൂടുതല്‍ പേര്‍ കസ്റ്റഡിയില്‍.പുതിയകാവ് ക്ഷേത്ര കമ്മിറ്റി ഭാരവാഹികളായ അഞ്ചുപേരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഒളിവിലുള്ള ഇവരെ അടിമാലിയില്‍ നിന്നാണ് പിടികൂടിയതെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ ദിവസം കേസില്‍ നാലു പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിനുപിന്നാലെയാണ് കൂടുതല്‍ പേരെ കസ്റ്റഡിയിലെടുത്തത്. നേരത്തെ പുതിയകാവ് ക്ഷേത്രത്തിലെ ദേവസ്വം പ്രസിഡന്റ്‌ സജീഷ് കുമാർ, സെക്രട്ടറി രാജേഷ്, ട്രഷറർ സത്യൻ എന്നിവരെയും ജോയിൻ സെക്രട്ടറിയെയും അറസ്റ്റ് ചെയ്തിരുന്നു.
                      സ്ഫോടനത്തില്‍ രണ്ടുപേരാണ് മരിച്ചത്. ചികിത്സയിലായിരുന്ന ദിവാകരൻ കഴിഞ്ഞ ദിവസം മരിച്ചിരുന്നു. ഗുരുതരമായി പരിക്കേറ്റ വിഷ്ണു എന്നയാള്‍ സംഭവ ദിവസം രാവിലെ മരിച്ചിരുന്നു.  സ്ഫോടനത്തില്‍ പരിക്കേറ്റ സ്ത്രീകളും കുട്ടികളുമടക്കമുള്ളവർ മെഡിക്കല്‍ കോളേജ് ആശുപത്രിയിലും തൃപ്പൂണിത്തുറ ജനറല്‍ ആശുപത്രിയിലുമായി ചികിത്സയിലാണ്.
തൃപ്പൂണിത്തുറയില്‍ പടക്ക സംഭരണശാലയിലേക്ക് എത്തിച്ച വൻ പടക്കശേഖരം പൊട്ടിത്തെറിച്ചാണ് നാടിനെയാകെ നടുക്കിയ അപകടമുണ്ടായത്. പാലക്കാട്ട് നിന്നും ഉത്സവത്തിനെത്തിച്ച പടക്കങ്ങളാണ് വാഹനത്തില്‍ നിന്നിറക്കുമ്പോള്‍ പൊട്ടിത്തെറിച്ചതെന്നാണ് പ്രാഥമിക വിവരം. തെക്കുംഭാഗത്തെ പടക്കക്കടയിലാണ് തീപ്പിടിത്തമുണ്ടായത്. പുതിയകാവ് ക്ഷേത്രോത്സവത്തിനായി കൊണ്ടുവന്ന പടക്കങ്ങളാണ് പൊട്ടിത്തെറിച്ചത്. സമീപത്തെ 45 ഓളം വീടുകള്‍ക്കും കേടുപാടുകളുണ്ടായി. ഒരു കിലോമീറ്റർ അകലെവരെ പൊട്ടിത്തെറിയുടെ പ്രകമ്പനമുണ്ടായിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page