കൊല്ലം:കൊല്ലം കുളത്തുപ്പുഴയില്‍ വിദ്യാർത്ഥിനികൾക്ക് അശ്ലീല ദൃശ്യങ്ങള്‍ കാണിച്ച് അധ്യാപകൻ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയില്‍ കേസെടുത്ത് പൊലീസ്.ട്രൈബല്‍ എല്‍പി സ്കൂളിലെ അറബി അധ്യാപകൻ കാട്ടാക്കട പൂവച്ചല്‍ സ്വദേശി ബാത്തി ഷാനെതിരെയാണ് കേസ്. പ്രതി ഒളിവിലാണെന്ന് കുളത്തൂപ്പുഴ പൊലീസ് അറിയിച്ചു.
മൂന്ന് മാസം മുൻപാണ് ബാത്തിഷാൻ സ്കൂളില്‍ അധ്യാപകനായെത്തുന്നത്. വന്നത് മുതല്‍ കുട്ടികളെ മൊബൈല്‍ ഫോണില്‍ അശ്ലീല ദൃശ്യങ്ങള്‍ കാണിച്ച് ശരീരത്തില്‍ സ്പർശിക്കാരുണ്ടെന്നാണ് മാതാപിതാക്കളുടെ പരാതി. രണ്ട് കുട്ടികളുടെ മൊഴി എടുത്താണ് ഇയാള്‍ക്കെതിരെ പോക്സോ, പട്ടികജാതി പീഡന നിരോധന നിയമം ഉള്‍പ്പടെ വകുപ്പുകള്‍ ചുമത്തി കുളത്തൂപ്പുഴ പൊലീസ് കേസെടുത്തത്.
രണ്ട് മാസം മുമ്പ് സ്കൂള്‍ അധികൃതരെ ഇക്കാര്യം അറിയിച്ചിട്ടും കുട്ടികളെ അധ്യാപകര്‍ വിരട്ടി മടക്കി അയച്ചതായും രക്ഷിതാക്കള്‍ ആരോപിക്കുന്നു. കുട്ടികള്‍ വീട്ടിലെത്തി രക്ഷിതാക്കളെ വിവരം അറിയിച്ചു. രക്ഷിതാക്കള്‍ പരസ്പരം സംസാരിക്കുകയും മറ്റ് കുട്ടികളോട് ചോദിക്കുകയും ചെയ്തു. സംഘടിച്ചെത്തിയ രക്ഷിതാക്കള്‍ സ്കൂളില്‍ എത്തി ബഹളം വച്ചു. ഇതിന് പിന്നാലെ അധ്യാപകന് അവധിയെടുത്ത് മുങ്ങി. തുടർന്ന് രക്ഷിതാക്കള്‍ കുളത്തുപ്പുഴ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. സ്കൂള്‍ അധികൃതര്‍ സംഭവം ഒതുക്കി തീര്‍ക്കാന്‍ ശ്രമിച്ചതായും ആരോപണമുണ്ട്.
![](https://mlozaudj56ft.i.optimole.com/w:598/h:361/q:mauto/f:best/https://malayalam.karavaldaily.com/wp-content/uploads/2024/07/dryanage.jpeg)