പുലിയുടെ ആക്രമണത്തിൽ 3 വയസ്സുകാരിക്ക് ദാരുണാന്ത്യം; കടുത്ത പ്രതിഷേധമുയർത്തി നാട്ടുകാർ



പന്തലൂർ:പുലിയുടെ ആക്രമണത്തില്‍ മൂന്ന് വയസുകാരി മരിച്ചതിന്   പിന്നാലെ കേരളാ തമിഴ്നാട് അതിർത്തി ഗ്രാമമായ പന്തല്ലൂരിൽ വ്യാപക പ്രതിഷേധം.പന്തലൂർ  താലൂക്കില്‍ ഇന്ന് ഹര്‍ത്താല്‍ പ്രഖ്യാപിച്ചു.ഇന്നലെയാണ് അംഗൻവാടിയില്‍ പോയി മടങ്ങിയ ബാലിക പുലിയുടെ ആക്രമണത്തെ തുടര്‍ന്ന് ദാരുണമായി കൊല്ലപ്പെട്ടത്.പന്തല്ലൂര്‍ ബിതേര്‍ക്കാട് മാംഗോ എസ്‌റ്റേറ്റിലെ തൊഴിലാളികളുടെ മകളായ നാൻസിയാണ് മരിച്ചത്.  നീലഗിരിയിലെ പന്തലൂര്‍ മേങ്കോറഞ്ച് തേയിലത്തോട്ടത്തില്‍ വച്ചാണ് പുലി ആക്രമിച്ചത്. രക്ഷിതാവിനൊപ്പം പോവുകയായിരുന്ന കുട്ടിയാണ് ആക്രമണത്തിനിരയായത്.വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ ജീവൻ നഷ്ടപ്പെടുന്നത് തുടര്‍ക്കഥയായിട്ടും അധികൃതര്‍ അനാസ്ഥ പുലര്‍ത്തുകയാണെന്നും ജീവന് സംരക്ഷണം വേണമെന്നും ആവശ്യപ്പെട്ടാണ് നാട്ടുകാരുടെ സമരം. കുട്ടി മരിച്ചതിന്  പിന്നാലെ നാട്ടുകാര്‍ കടുത്ത പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. പന്തല്ലൂരില്‍ മൂന്നാഴ്ചയ്‌ക്കിടെ അഞ്ചിടത്താണ് പുലിയുടെ ആക്രമണമുണ്ടായത്.നാടുകാണി, ഗൂഡല്ലൂര്‍, ദേവാല, പന്തല്ലൂര്‍ ഉള്‍പ്പെടെയുള്ള ടൗണുകളിലാണ് റോഡ് ഉപരോധിച്ചത്. കലക്ടറും ഉന്നത വനം ഉദ്യോഗസ്ഥരും സ്ഥലത്തെത്തി ഇക്കാര്യത്തില്‍ ഉറപ്പ് നല്‍കണമെന്ന് സമരക്കാര്‍ ആവശ്യപ്പെട്ടു. രാത്രി വൈകിയും സമരം നീണ്ടതോടെ നൂറുകണക്കിന് വാഹനങ്ങളാണ് കുടുങ്ങിയത്. മൈസൂരു, ഊട്ടി ഉള്‍പ്പെടെയുള്ള ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്ക് യാത്ര തിരിച്ചവരും വഴിയില്‍ കുടുങ്ങി.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page