കൊച്ചി: ഹവാല ഇടപാട് നടത്തിയെന്ന സ്ഥീരീകരണത്തിനു പിന്നാലെ തൃക്കരിപ്പൂര്‍, ഉടുമ്പുന്തല സ്വദേശിയും പ്രവാസി വ്യവസായിയും സിനിമാ നിര്‍മ്മാതാവുമായ അബ്ദുല്‍ റഹ്‌മാന്റെ 3.58 കോടി രൂപ ഇഡി മരവിപ്പിച്ചു. അബ്ദുല്‍ റഹ്‌മാന്റെയും കുടുംബത്തിന്റെയും പേരില്‍ ബാങ്കുകളിലുള്ള പണമാണ് അന്വേഷണ സംഘം മരവിപ്പിച്ചത്. ഷാര്‍ജയിലെ ഇന്‍വെസ്റ്റ് ബാങ്കില്‍ നിന്നു 150 കോടി രൂപ വായ്പയായി അടച്ച് 83.36 കോടി രൂപ തിരിച്ചടക്കാതെ വഞ്ചിച്ച കേസുമായി ബന്ധപ്പെട്ടാണ് അബ്ദുല്‍ റഹ്‌മാനെ കഴിഞ്ഞ ദിവസം ഇഡി കൊച്ചിയില്‍ നിന്നു കസ്റ്റഡിയിലെടുത്തത്. ബാങ്ക് അധികൃതര്‍ നേരത്തെ നല്‍കിയ പരാതിയില്‍ ചന്തേര പൊലീസ് കേസെടുത്തിരുന്നുവെങ്കിലും അന്വേഷണത്തിനു ഹൈക്കോടതി സ്റ്റേ അനുവദിച്ചിരുന്നു. ചന്തേര പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിന്റെ ചുവടുപിടിച്ചാണ് ഇഡി അബ്ദുല്‍ റഹ്‌മാനെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. അബ്ദുല്‍ റഹ്‌മാന്‍ വന്‍ കള്ളപ്പണ ഇടപാടുനടത്തിയെന്നും ഇഡി കണ്ടെത്തി.
വ്യവസായ ആവശ്യത്തിനായി വിവിധ ബാങ്കുകളില്‍ നിന്നു 340 കോടിയോളം രൂപ വായ്പയെടുത്ത് വ്യക്തിപരമായ ആവശ്യങ്ങള്‍ക്കായി ഉപയോഗിച്ചുവെന്നും ഇഡി കണ്ടെത്തിയതായി പറയുന്നു. കള്ളപ്പണ ഇടപാടു നടന്നതായും ഇതില്‍ ദുരൂഹത ഉണ്ടെന്നുമാണ് അന്വേഷണ സംഘത്തിന്റെ സംശയം. അബ്ദുല്‍ റഹ്‌മാനില്‍ നിന്നു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ കൊച്ചി, കോഴിക്കോട്, തൃക്കരിപ്പൂര്‍ എന്നിവിടങ്ങളില്‍ ഇഡി വെള്ളിയാഴ്ചയും റെയ്ഡ് നടത്തിയിരുന്നു