സ്ത്രീധനം ചോദിക്കുന്നവരോട് ‘താന്‍ പോടോ’ എന്ന് പറയാന്‍ പെണ്‍കുട്ടികള്‍ പഠിക്കണം; മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരത്ത് യുവ ഡോ.ഷഹ്നയുടെ ആത്മഹത്യയില്‍ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍.
സ്ത്രീധനം തന്നാലേ വിവാഹം കഴിക്കൂവെന്ന് പറയുന്നവരോട് താന്‍ പോടോ എന്ന് പറയാന്‍ പെണ്‍കുട്ടികള്‍ പഠിക്കണമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പറയുന്നത്. യുവഡോക്ടറിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് കൊച്ചിയില്‍ നവകേരള സദസിന് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സമൂഹത്തിന്റെയാകെ നവീകരണം ആവശ്യമാണ്. സമൂഹത്തിനും ഉത്തരവാദിത്തം ഉണ്ട്. നിയമവും അതിനൊപ്പം ശക്തമാകണം. അത് സര്‍ക്കാര്‍ ചെയ്യുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. വിസ്മയയുടെ മരണത്തിലടക്കം ശക്തമായ നടപടികളാണ് ഉണ്ടായത്. സ്ത്രീധനത്തിനെതിരേ ശക്തമായ പൊതുബോധം ഉണ്ടാക്കി കൊണ്ടുവരാന്‍ സമൂഹത്തിന് കഴിഞ്ഞാല്‍ മാത്രമേ ഇത്തരം
സംഭവങ്ങള്‍ ഇനിയും ആവര്‍ത്തിക്കാതിരിക്കുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തില്‍ സിപിഎമ്മും ഡിവൈഎഫ്‌ഐയും മിശ്രവിവാഹങ്ങളെ പ്രോത്സാഹിപ്പിക്കുന്നുവെന്നാരോപിച്ച സമസ്ത നേതാവ് നാസര്‍ഫൈസി കൂടത്തായിയുടെ പരാമര്‍ശത്തോടും മുഖ്യമന്ത്രി പ്രതികരിച്ചു. ഇവിടെ ആരും മിശ്ര വിവാഹ ബ്യൂറോ നടത്തുന്നില്ല. എസ്എഫ്‌ഐയും ഡിവൈഎഫ്‌ഐയും നടത്തുന്നില്ല. ഇഷ്ടപ്പെട്ടവര്‍ വിവാഹം കഴിക്കുമെന്നും നാസര്‍ഫൈസിയുടെ ആരോപണത്തിന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു. സിപിഎമ്മും ഡിവൈഎഫ്‌ഐയും മുസ്ലിം പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയി മിശ്ര വിവാഹം നടത്തുന്നുവെന്നായിരുന്നു നാസര്‍ഫൈസിയുടെ ആരോപണം. ഹിന്ദു മുസ്ലിമിനെ വിവാഹം കഴിച്ചാല്‍ മതേതരത്വമായെന്നാണ് ചിലര്‍ കരുതുന്നത്. ഇതിനെതിരെ മഹല്ല് കമ്മിറ്റികള്‍ ജാഗ്രത പുലര്‍ത്തണമെന്നും കൂടത്തായി ആവശ്യപ്പെട്ടു.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page