മൊഗ്രാലില്‍ വീണ്ടും തെരുവുനായക്കളുടെ ആക്രമണം, അഞ്ചു ആടുകളെ കടിച്ചു കൊന്നു

കുമ്പള: മൊഗ്രാലിലും പരിസര പ്രദേശങ്ങളിലും തെരുവ് നായ്ക്കളുടെ ആക്രമണം വീണ്ടും രൂക്ഷമായി. അഞ്ച് ആടുകളെ കൂടി നായ്ക്കള്‍ കടിച്ചു കൊന്നു. ചളിയംകോട് റോഡിലെ മുഹമ്മദിന്റെ ആടുകളെയാണ് കൊന്നത്. ചൊവ്വാഴ്ച രാവിലെയാണ് ദാരുണമായ ആക്രമണ സംഭവം നടന്നത്. വീടിനോട് ചേര്‍ന്ന് കൂട്ടില്‍ കയറിയാണ് ആടുകളെ കടിച്ചു കൊലപ്പെടുത്തിയത്. ആടുകളുടെ കൂട്ടക്കരച്ചില്‍ കേട്ട് ഞെട്ടിയുണര്‍ന്ന വീട്ടുകാര്‍ ഓടിയെത്തി കൂട് തുറന്ന് നോക്കുമ്പോഴേയ്ക്കും ആടുകളെല്ലാം കടിച്ചുകൊലപ്പെടുത്തിയിരുന്നു.
കഴിഞ്ഞ ഒന്നരമാസത്തിനിടെ തെരുവ് നായ്ക്കള്‍ നിരവധി തവണയാണ് മൊഗ്രാല്‍, ബദ്രിയ്യനഗര്‍ എന്നിവിടങ്ങളില്‍ ആക്രമണം നടത്തിയത്. നേരത്തെ 25 വോളം ആടുകളെ നായ്ക്കള്‍ കടിച്ചു കൊന്നിരുന്നു. നായ ആക്രമണം രൂക്ഷമായതോടെ ജനം കടുത്ത ഭീതിയിലായി. വളര്‍ത്തു മൃഗങ്ങള്‍ക്കു നേരെയുള്ള ആക്രമണത്തോടൊപ്പം മനുഷ്യര്‍ക്കു നേരെയും ആക്രമണം നടന്നേക്കുമോയെന്ന ആശങ്കയും ഉടലെടുത്തിട്ടുണ്ട്. സ്‌കൂളുകളിലും മദ്രസ്സകളിലേക്കും പോകുന്ന കുട്ടികളെ നിര്‍ഭയമായി പറഞ്ഞയക്കാന്‍ രക്ഷിതാക്കള്‍ ഭയപ്പെടുകയാണ്. അലഞ്ഞു തിരിഞ്ഞു നടക്കുന്ന നായ്ക്കള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് പല തവണ പഞ്ചായത്തധികൃതരും നാട്ടുകാരും ബന്ധപ്പെട്ടവരോട് നിവേദനം മുഖേനയും മറ്റും ആവശ്യപ്പെട്ടിട്ടും ഇനിയും നടപടിയുണ്ടായിട്ടില്ലെന്ന് നാട്ടുകാര്‍ പരാതിപ്പെട്ടു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page