ഉത്തരകാശി രക്ഷാ പ്രവർത്തനം ഊർജ്ജിതം; കുടുങ്ങിയ യന്ത്ര ഭാഗങ്ങൾ നീക്കം ചെയ്തു; മുകളിൽ നിന്ന് ഡ്രില്ലിംഗ് പുരോഗമിക്കുന്നു; രക്ഷാ പ്രവർത്തനത്തിന് സൈന്യവും


ന്യൂഡൽഹി:ഉത്തരാഖണ്ഡില്‍ നിര്‍മ്മാണത്തിലിരുന്ന തുരങ്കം തകര്‍ന്ന് ഉള്ളില്‍ കുടുങ്ങിയ തൊഴിലാളികളെ പുറത്തെത്തിക്കാനുള്ള ശ്രമം പുരോഗമിക്കുന്നു. തിരശ്ചീനമായി തുരന്ന് തൊഴിലാളികളെ പുറത്തെത്തിക്കാനുള്ള ശ്രമം പരാജയപ്പെട്ടതോടെ മുകളില്‍ നിന്ന് താഴോട്ട് തുരക്കുകയാണ് (വെര്‍ട്ടിക്കല്‍ ഡ്രില്ലിങ്) രക്ഷാ പ്രവർത്തകർ. അമേരിക്കൻ നിർമ്മിത ഓഗര്‍ മെഷീന്‍ ഉപയോഗിച്ചായിരുന്നു നേരത്തേ ഡ്രില്ലിങ് നടത്തിയത്. എന്നാല്‍ ഈ മെഷീന്‍ തകരാറിലായതോടെ രക്ഷാപ്രവര്‍ത്തനം പ്രതിസന്ധിയിലായി. ഇപ്പോൾ തകരാറിലായ ഓഗര്‍ മെഷീന്റെ ഭാഗങ്ങള്‍ തുരങ്കത്തില്‍നിന്ന് പൂര്‍ണ്ണമായി നീക്കി. അകത്തുള്ള പൊട്ടിയ പൈപ്പുകള്‍കൂടി നീക്കംചെയ്യുന്ന പ്രവൃത്തിയാണ് ഇപ്പോള്‍ നടക്കുന്നത്. പൈപ്പ് നീക്കംചെയ്താല്‍ രക്ഷാപ്രവര്‍ത്തകര്‍ക്ക് അകത്ത്  കയറി തുരക്കാൻ കഴിയും.രക്ഷാദൗത്യത്തിന്‍റെ ഭാഗമാകുന്നതിനായി കരസേനയുടെ കീഴിലുള്ള മദ്രാസ് എൻജിനീയറിംഗ് ഗ്രൂപ്പും സ്ഥലത്തെത്തിയിട്ടുണ്ട്.  സേനയാണ് ഓഗർ യന്ത്രത്തിൻ്റെ ഭാഗങ്ങൾ നീക്കിയത്.രക്ഷാപ്രവര്‍ത്തനം ശക്തമാണെങ്കിലും കാലാവസ്ഥ പ്രതികൂലമാകുമോ എന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്. വരും ദിവസങ്ങളില്‍ മഞ്ഞുവീഴ്ചയ്ക്ക് സാധ്യതയുള്ള പ്രദേശം കൂടിയാണിത്. യന്ത്രത്തകരാറിനു മുമ്പ് ഇവിടെ 47 മീറ്റര്‍ ഉള്ളിലേക്ക് ഡ്രില്ലിംഗ് നടത്തിയിരുന്നു. മുകളിൽനിന്ന് താഴോട്ട് ആകെ 110 മീറ്ററാണ് തുരക്കേണ്ടത്. നിലവിൽ 20 മീറ്ററോളം തുരന്നുകഴിഞ്ഞു. ഇതേ വേഗതയിലാണ് തുരക്കൽ പുരോഗമിക്കുന്നതെങ്കിൽ അടുത്ത 24 മണിക്കൂറിനുള്ളിൽ തൊഴിലാളികളെ രക്ഷിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. മുകളിൽനിന്നുള്ള തുരക്കൽ പൂർത്തിയായാൽ ഇതുവഴി സ്റ്റീൽ പൈപ്പ് ഇറക്കും.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page