ചൈനയില്‍ പടരുന്ന എച്ച് 9 എന്‍ 2 വൈറസ് കേസുകളും രാജ്യത്തെ കുട്ടികളില്‍ കണ്ടുവരുന്ന ശ്വാസകോശ സംബന്ധമായ രോഗങ്ങളും നിരീക്ഷിച്ചു വരുന്നതായി കേന്ദ്രസര്‍ക്കാര്‍. എച്ച് 9 എന്‍ 2 എന്ന ഇന്‍ഫ്‌ളുവന്‍സ വൈറസ് പ്രധാനമായും ശ്വാസകോശത്തെയാണ് ബാധിക്കുന്നത്. ചൈനയില്‍ കണ്ടെത്തിയ അവിയന്‍ ഇന്‍ഫ്‌ളുവന്‍സ വൈറസ് ഇന്ത്യയെ സംബന്ധിച്ച് വലിയ ഭീഷണിയല്ലെന്നാണ് കണ്ടെത്തല്‍. ഏത് സാഹചര്യവും നേരിടാന്‍ ഇന്ത്യ തയ്യാറാണെന്ന് ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ വാര്‍ത്താകുറിപ്പില്‍ പറയുന്നു. ചൈനയിലെ ആശുപത്രികള്‍ കുട്ടികളെക്കൊണ്ട് നിറഞ്ഞുവെന്നുള്ള വാര്‍ത്ത പുറത്ത് വന്നതിനു പിന്നാലെയാണ് ആരോഗ്യ മന്ത്രാലയത്തില്‍ നിന്നുള്ള പ്രതികരണം. കഴിഞ്ഞ കുറച്ച് ആഴ്ചകള്‍ക്കിടയിലാണ് ശ്വാസകോശത്തെ ബാധിക്കുന്ന ഇന്‍ഫ്‌ളുവന്‍സ വൈറസ് ചൈനയില്‍ രൂക്ഷമായത്. ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ടനുസരിച്ച് മനുഷ്യനില്‍ നിന്ന് മനുഷ്യനിലേക്ക് എച്ച് 9 എന്‍ 2 പകരാന്‍ വളരെ ചെറിയ സാധ്യത മാത്രമേയുള്ളൂ. എങ്കിലും മനുഷ്യരിലും, മൃഗ പരിപാലന കേന്ദ്രങ്ങളിലും വന്യജീവി സംരക്ഷണ മേഖലയിലും നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. ലോകത്താകമാനം നാശം വിതച്ച കൊറോണയെയും ആരംഭത്തില്‍ ഇതുപോലെ തന്നെ നിസാരവല്‍ക്കരിച്ചിരുന്നു എന്നതാണ് ആളുകളില്‍ ഭയം ജനിപ്പിക്കുന്നത്. വിഷയത്തില്‍ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാക്കാന്‍ ചൈനയോട് ലോകാരോഗ്യ സംഘടന ആവശ്യപ്പെട്ടിട്ടുണ്ട്.
കൊറോണയ്ക്ക് ശേഷം ഇന്ത്യയുടെ ആരോഗ്യ രംഗം വലിയ പുരോഗതി കൈവരിച്ചിരുന്നു. പ്രധാനമന്ത്രി ആയുഷ്മാന്‍ ഭാരത് ഹെല്‍ത്ത് ഇന്‍ഫ്രാസ്ട്രകചര്‍ മിഷന്റെ ഭാഗമായി ആരോഗ്യ രംഗത്തെ പ്രാഥമിക, ദ്വിതീയ, തൃതീയ മേഖലകളായി തിരിക്കുക വഴി മികച്ച സേവനം ലഭ്യമാക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.