ജസ്റ്റിസ് ഫാത്തിമാ ബീവി അന്തരിച്ചു; സുപ്രീം കോടതിയിലെ ആദ്യ വനിതാ ജഡ്ജിയുടെ വിയോഗം വാർധക്യ സഹജമായ അസുഖത്തെ തുടർന്ന്


കൊല്ലം: സുപ്രീംകോടതിയിലെ ആദ്യ വനിതാ ജഡ്ജിയും തമിഴ്നാട് മുൻ ഗവര്‍ണറുമായി ജസ്റ്റിസ് ഫാത്തിമാ ബീവി (96) അന്തരിച്ചു. കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ വ്യാഴാഴ്ച രാവിലെയായിരുന്നു അന്ത്യം.ഇന്ത്യൻ നിയമ നിർമ്മാണ മേഖലയിൽ സുവർണ ലിപികളിൽ എഴുതപ്പെട്ട പേരാണ് ജസ്റ്റിസ് ഫാത്തിമാ ബീവിയുടേത്. ഒട്ടേറെ പ്രധാനപ്പെട്ട വിധിന്യായം പ്രസ്താവിച്ചിട്ടുള്ള ഫാത്തിമാ ബീവി ദേശീയ മനുഷ്യാവകാശ കമ്മിഷൻ അംഗവുമായിരുന്നു.

പത്തനംതിട്ട കുലശേഖരപ്പേട്ട അണ്ണാവീട്ടിൽ മീരാസാഹിബിന്റെയും ഖദീജാബീവിയുടെയും എട്ടു മക്കളിലെ ആദ്യത്തെയാളായി 1927 ഏപ്രിൽ 30നാണ് ഫാത്തിമാ ബീവിയുടെ ജനനം. പത്തനംതിട്ട സർക്കാർ സ്കൂളിൽ പ്രാഥമിക പഠനം. കാതോലിക്കേറ്റ് സ്കൂളിൽനിന്ന് ഹൈസ്കൂൾ പഠനം പൂർത്തിയാക്കി തിരുവനന്തപുരം വിമൻസ് കോളജിൽനിന്ന് രസതന്ത്രത്തിൽ ബിരുദം നേടി. തുടർന്ന് തിരുവനന്തപുരം ലോ കോളജിൽനിന്ന് ഒന്നാം ക്ലാസിൽ സ്വർണമെഡലോടെ നിയമബിരുദം കരസ്ഥമാക്കി.

1950 നവംബർ 14ന് അഭിഭാഷകയായി കൊല്ലം ജില്ലാകോടതിയിൽ പ്രാക്ടീസ് തുടങ്ങി. എട്ടു വർഷത്തിനുശേഷം പൊതുപരീക്ഷ ജയിച്ച് മുൻസിഫായി. 1972ൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ടും 74ൽ ജില്ലാ സെഷൻസ് ജഡ്ജിയുമായി. 1983 ഓഗസ്റ്റിൽ ഹൈക്കോടതി ജഡ്ജിയുമായി. 1989 ഒക്ടോബറിൽ സുപ്രീം കോടതി ജഡ്ജിയായി. 1997 ജനുവരി 25നു തമിഴ്‌നാട് ഗവർണറായി ചുമതലയേറ്റു. 2001 ജൂലൈ ഒന്നിനു രാജിവച്ചു. അവിവാഹിതയാണ്.നിയമ മേഖലയിൽ പൊതുവെ സ്ത്രീകൾ കടന്ന് വരാൻ മടിക്കുന്ന കാലത്താണ് മുസ്ളിം സമുദായത്തിൽ നിന്ന് ഫാത്തിമ ബീവിയെ പോലെ ഒരാൾ ഉയർന്ന് വന്നത്.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page