കോവിഡിന്റെ ഏറ്റവും പുതിയ വകഭേദം ലോകത്തെ വീണ്ടും ആശങ്കയിലാക്കുന്നു. ശാസ്ത്രജ്ഞര്‍ ഇതിനെക്കുറിച്ച് മുന്നറിയിപ്പ് നല്‍കി കഴിഞ്ഞു. ഇത് വാക്‌സിന്‍ പ്രതിരോധത്തെ മറികടന്നേക്കുമെന്നും അവര്‍ പറയുന്നു. സെപ്റ്റംബര്‍ മാസം ആദ്യമാണ് കൊറോണയുടെ പുതിയ വകഭേദമായ JN.1 ആദ്യമായി തിരിച്ചറിയുന്നത്. ഇതിപ്പോള്‍ യു എസ് ഉള്‍പ്പെടെ 11 രാജ്യങ്ങളില്‍ കണ്ടെത്തിയതായാണ് റിപ്പോര്‍ട്ടുകള്‍. സെന്റര്‍ ഫോര്‍ ഡിസീസ് കണ്ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. പ്രതിരോധശേഷിയുള്ള ആളുകളില്‍ പോലും ഇത് വളരെ വേഗം പടരാനും ബാധിക്കാനും സാധ്യതയുണ്ടെന്ന ആശങ്ക ഈ വകഭേദം ഉയര്‍ത്തിയിട്ടുണ്ട്. അമേരിക്കയിലെ കോവിഡ് കേസുകളില്‍ 0.1 ശതമാനത്തില്‍ താഴെ മാത്രമാണെന്ന് രാജ്യത്തെ ദേശീയ പൊതുജനാരോഗ്യ ഏജന്‍സിയായ സി.ഡി.സി പറയുന്നു. BA. 2.86 വക ഭേദത്തില്‍ നിന്നും ഉണ്ടായ പുതിയ രൂപമാണ് JN.1. 2021 ല്‍ യുഎസ്, ചൈന, യൂറോപ്പ് തുടങ്ങിയ രാജ്യങ്ങളില്‍ വലിയ ജീവ ഹാനി ഉണ്ടാക്കിയ ഒമിക്രോണ്‍ വകഭേദത്തില്‍ നിന്നും ഉണ്ടായതാണ് പിറോള അഥവാ BA. 2.86. പുതിയ കോവിഡ് വാക്‌സിനുകള്‍ ബിഎ.2.86 വൈറസിനെ പ്രതിരോധിക്കാന്‍ സഹായിക്കുമെന്ന് സിഡിസി പറഞ്ഞു. പനി, വിറയന്‍, ചുമ, ശ്വാസംമുട്ടല്‍, ക്ഷീണം, ശരീര വേദന തലവേദന, രുചിയും മണവും നഷ്ടപ്പെടുക, തൊണ്ട വേദന, മൂക്കടപ്പ്, ഛര്‍ദ്ദി, വയറിളക്കം ഇവയാണ് ഇതിന്റെ ലക്ഷണം. 2023-2024 ല്‍ പുറത്തിറങ്ങിയ കോവിഡ് -19 പ്രതിരോധ വാക്‌സിനുകള്‍ BA. 2.86 നും എതിരെ പ്രവര്‍ത്തിച്ചതിനാല്‍ പുതിയ വകഭേദത്തിനെതിരെയും ഫലപ്രദമായിരിക്കും എന്നാണ് ശാസ്ത്ര സമൂഹം പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ ഓഗസ്റ്റ് അവസാനം ലക്‌സംബര്‍ഗില്‍ കണ്ടെത്തിയ ശേഷം വളരെ വേഗത്തിലുള്ള വ്യാപനമാണ് ഈ വകഭേദത്തിന് ഉണ്ടായിട്ടുള്ളത്. ഇംഗ്ലണ്ട്, ഐസ്ലാന്‍ഡ്, ഫ്രാന്‍സ്, യു എസ് തുടങ്ങിയ രാജ്യങ്ങളിലും പുതിയ വക ഭേദമായ JN.1 കണ്ടെത്തിയിട്ടുണ്ട്.