ഏകീകൃത സിവിൽ കോഡിനെതിരെ പ്രമേയം അവതരിപ്പിക്കാനുള്ള കോഴിക്കോട് കോർപ്പറേഷന്‍റെ നീക്കത്തിന് തിരിച്ചടി; പ്രമേയാവതരണം ഹൈക്കോടതി സ്റ്റേ ചെയ്തു

എറണാകുളം: ഏകീകൃത സിവിൽ കോഡിനെതിരെ പ്രമേയം അവതരിപ്പിക്കാനുളള കോഴിക്കോട് കോർപ്പറേഷന്‍ ഭരണ സമിതി നീക്കത്തിന് തിരിച്ചടി.  കോർപ്പറേഷന്‍റെ ഭരണനിർവ്വഹണ അധികാര പരിധിയിൽപ്പെടുന്ന വിഷയമല്ല ഏകീകൃത സിവിൽകോഡെന്ന വാദം അംഗീകരിച്ചാണ് പ്രമേയാവതരണം കോടതി സ്റ്റേ ചെയ്തത്. ബിജെപി കൗൺസിലർ നവ്യാ ഹരിദാസാണ് പ്രമേയത്തിനെതിരെ ഹൈക്കോടതിയിൽ ഹർജി നൽകിയത്. 1995 ലെ കേരളാ മുൻസിപ്പാലിറ്റി ചട്ടം 18(4)(a) അനുസരിച്ച് നഗരസഭക്കോ , കോർപ്പറേഷനോ  അവരുടെ അധികാര പരിധിയിൽപ്പെടുന്ന വിഷയങ്ങളിൽ മാത്രമാണ് പ്രമേയം പാസ്സാക്കാൻ കഴിയുക. ഇത് പരിഗണിച്ചാണ് ജസ്റ്റിസ്  എൻ നാഗരേഷിന്‍റെ ഇടക്കാല സ്റ്റേ ഉത്തരവ്.  സിപിഎം കൗൺസിലറായ ടി മുരളീധരനാണ്  കേന്ദ്ര സർക്കാർ വിഭാവനം ചെയ്യുന്ന ഏക സിവിൽ കോഡിനെതിരെയുള്ള പ്രമേയം മുന്നോട്ട് വെച്ചത്. ഏക സിവിൽ കോഡ് സാമുദായി ധ്രുവീകരണം ഉണ്ടാക്കുമെന്നും  ജനാധിപത്യ മതേതര മൂല്യങ്ങൾക്ക് എതിരാണെന്നുമായിരുന്നു പ്രമേയത്തിലെ ഉള്ളടക്കം. കോർപ്പറേഷൻ സെക്രട്ടറി പ്രമേയം അംഗീകരിക്കുകയും ജൂലൈ 21 ലെ കൗൺസിൽ യോഗ അജൻഡയിൽ ഈ പ്രമേയം  ഉൾപ്പെടുത്തുകയും ചെയ്തു. നടപടി അംഗീകരിക്കാൻ കഴിയില്ലെന്നും പ്രമേയം നീക്കം ചെയ്യണമെന്നും ആവശ്യപ്പെട്ട് ബിജെപി കൗൺസിലർ കോർപ്പറേഷൻ സെക്രട്ടറിക്കും മേയർ ബീനാ ഫിലിപ്പിനും  കത്തെഴുതിയെങ്കിലും  പിൻവലിക്കാൻ തയ്യാറാകാത്ത സാഹചര്യത്തിലാണ് ഹൈക്കോടതിയെ സമീപിച്ചത്.75 അംഗങ്ങളുള്ള കോഴിക്കോട് കോർപ്പറേഷനിൽ 7 ബിജെപി കൗൺസിലർമാരാണുള്ളത്. നേരത്തെ  പൗരത്വ ഭേദഗതി ബില്ലിനെതിരെ കാസർകോട് ജില്ലാ പഞ്ചായത്ത് പ്രമേയം അവതരിപ്പിക്കാൻ ശ്രമിച്ചതും സമാന രീതിയിൽ കോടതിയെ സമീപിച്ച് ബിജെപി സ്റ്റേ വാങ്ങി തടഞ്ഞിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page