കുണ്ടംകുഴി, കല്ലടക്കുറ്റിയില്‍ ഗള്‍ഫുകാരന്റെ വീട്ടില്‍ കവര്‍ച്ച; മോഷ്ടാവ് ഇരുനില വീടിനകത്തു കടന്നത് വാതില്‍ കുത്തിപ്പൊളിച്ച്, പ്രൊഫഷണല്‍ മോഷ്ടാക്കളെ സംശയം

കാസര്‍കോട്: ബേഡകം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കുണ്ടംകുഴി, കല്ലടക്കുറ്റിയില്‍ ഗള്‍ഫുകാരന്റെ വീട്ടില്‍ കവര്‍ച്ച. ഇരുനില വീടിന്റെ വാതില്‍ കുത്തിത്തുറന്ന് അകത്ത് കടന്ന മോഷ്ടാക്കള്‍ സ്വര്‍ണ്ണവും പണവും സിസിടിവി ക്യാമറയുടെ ഹാർഡ് ഡിസ്‌കും കവര്‍ന്നു.
കല്ലടക്കുറ്റിയിലെ ഗള്‍ഫുകാരന്‍ ഹുസൈന്റെ വീട്ടിലാണ് കവര്‍ച്ച നടന്നത്. ഏപ്രില്‍ 8നും 11നും ഇടയിലാണ് കവര്‍ച്ച നടന്നതെന്നു സംശയിക്കുന്നു. ഹുസൈനും കുടുംബവും ഗള്‍ഫിലാണ്. രണ്ടു മാസമായി വീട് അടഞ്ഞു കിടക്കുകയാണ്.

വീട്ടു മതില്‍ ചാടിക്കടന്ന മോഷ്ടാക്കള്‍ വീടിന്റെ ഒന്നാം നിലയിലെത്തി വാതില്‍ കുത്തിപ്പൊളിച്ചാണ് അകത്ത് കടന്നത്. തുടര്‍ന്ന് വീട്ടിനകത്തുണ്ടായിരുന്ന അലമാരകള്‍ കുത്തിപ്പൊളിച്ചാണ് കവര്‍ച്ച നടത്തിയത്. തുണിത്തരങ്ങളെല്ലാം വാരിവലിച്ചിട്ട നിലയിലാണ്. അലമാരയില്‍ സൂക്ഷിച്ചിരുന്ന 12 ഗ്രാം സ്വര്‍ണ്ണവും 12,000 രൂപയും സിസിടിവി ക്യാമറയുടെ ഹാര്‍ഡ് ഡിസ്‌കും കൈക്കലാക്കിയാണ് മോഷ്ടാക്കൾ രക്ഷപ്പെട്ടത്.
ഹുസൈന്റെ സഹോദരന്‍ സി.എ മുഹമ്മദ് കുഞ്ഞി നല്‍കിയ പരാതിയില്‍ ബേഡകം പൊലീസ് അന്വേഷണം ആരംഭിച്ചു. കവര്‍ച്ചക്കു പിന്നില്‍ പ്രൊഫഷണല്‍ കൊള്ള സംഘമാണെന്നാണ് സംശയം. പകല്‍ നേരങ്ങളില്‍ എത്തി വീട് നിരീക്ഷിച്ച ശേഷം മടങ്ങുകയും രാത്രിയില്‍ വീണ്ടുമെത്തി കവര്‍ച്ച നടത്തുകയും ചെയ്യുന്ന സംഘത്തിലെ ആരെങ്കിലുമായിരിക്കും കവര്‍ച്ചക്കു പിന്നിലെന്നു സംശയിക്കുന്നു. സമാനരീതിയില്‍ കവര്‍ച്ച നടത്തുന്ന സംഘത്തിലെ രണ്ടു പേരെ അടുത്തിടെ ബേക്കല്‍ പൊലീസ് അറസ്റ്റു ചെയ്തിരുന്നു. ഇരുവരും റിമാന്റിലാണ്. ഇവരുടെ സംഘത്തില്‍പ്പെട്ട ആരെങ്കിലുമായിരിക്കും കല്ലടക്കുറ്റിയിലെ വീടു കവര്‍ച്ചക്ക് പിന്നിലെന്നു സംശയിക്കുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page