തിരുവനന്തപുരം: കുംഭമേളയിലൂടെ വൈറലായ പെണ്‍കുട്ടിയുടെ വിവാഹം നടത്തിക്കൊടുക്കാന്‍ കൂട്ടുനിന്നു എന്നാരോപിച്ച് സിപിഎം ഉന്നത നേതാക്കള്‍ക്കെതിരെ പോലീസില്‍ പരാതി. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍, മന്ത്രി വി. ശിവന്‍കുട്ടി, എ.എ. റഹീം എംപി എന്നിവര്‍ക്കെതിരെ നടപടി യെടുക്കണമെന്നാവശ്യപ്പെട്ടു യൂത്ത് കോണ്‍ഗ്രസ് കുന്നംകുളം മണ്ഡലം വൈസ് പ്രസിഡന്റ് വിഘ്നേശ്വര പ്രസാദാണ് പരാതി നല്‍കിയത്.
ശൈശവ വിവാഹ നിരോധന നിയമം, പോക്‌സോ തുടങ്ങിയ വകുപ്പുകള്‍ ചുമത്തണമെന്നാണ് പരാതിയിലെ ആവശ്യം. എന്നാല്‍ വിവാഹം നടത്തിയത് തങ്ങളല്ലെന്നും ക്ഷണപ്രകാരം ചടങ്ങില്‍ പങ്കെടുക്കുക മാത്രമാണ് ചെയ്തതെന്നുമാണ് സിപിഎം നേതൃത്വത്തിന്റെ വിശദീകരണം. വിവാഹത്തിന് മുന്‍പ് വധൂവരന്മാര്‍ പ്രായം തെളിയിക്കുന്ന രേഖകള്‍ പോലീസിനെ കാണിച്ചിരുന്നതായും പാര്‍ട്ടി വ്യക്തമാക്കി. കുന്നംകുളം പോലീസാണ് പരാതി അന്വേഷിക്കുന്നത്.







