കാസര്‍കോട്: തെരഞ്ഞെടുപ്പ് സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി എക്‌സൈസ് നടത്തിയ പരിശോധനയില്‍ മദ്യക്കടത്ത് സംഘം കുടുങ്ങി. കാറില്‍ കടത്തിയ 135 ലിറ്റര്‍ ഗോവന്‍ നിര്‍മ്മിത മദ്യവുമായി രണ്ടുപേര്‍ അറസ്റ്റില്‍. ദക്ഷിണകന്നഡ ജില്ലയിലെ ലതേഷ് പൂജാരി, ബദ്രഡുക്കയിലെ ബിപി സുരേഷ് എന്നിവരെയാണ് കാസര്‍കോട് എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡിലെ പ്രിവന്റീവ് ഓഫീസര്‍ കെ വി രഞ്ജിത്തും സംഘവും അറസ്റ്റ് ചെയ്തത്. കാഞ്ഞങ്ങാട്, കടപ്പുറത്ത് നടത്തിയ പരിശോധനയ്ക്കിടയിലാണ് കര്‍ണാടക രജിസ്‌ട്രേഷനുള്ള മാരുതി സ്വിഫ്റ്റ് കാറില്‍ കടത്തിയ മദ്യം പിടികൂടിയതെന്നു എക്‌സൈസ് അധികൃതര്‍ പറഞ്ഞു. ബിപി സുരേഷ് കാസര്‍കോട് ജില്ലയിലെ വിവിധ കേന്ദ്രങ്ങളിലേക്കു മദ്യം എത്തിച്ചു കൊടുക്കുന്ന പ്രധാനിയാണെന്നും മുന്‍ അബ്കാരി കേസിലെ പ്രതിയാണെന്നും എക്സൈസ് പറഞ്ഞു. മദ്യം പിടികൂടിയ എക്‌സൈസ് സംഘത്തില്‍ സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ടി പി അതുല്‍, പി വി ഷിജിത്ത്, പി ശൈലേഷ് കുമാര്‍, വി മഞ്ജുനാഥന്‍, മോഹനകുമാര്‍ എന്നിവരും ഉണ്ടായിരുന്നു.






