കാസർകോട്: നിയമസഭാ തെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണത്തിനു കൊടിയിറങ്ങാൻ മണിക്കൂറുകൾ മാത്രo
ബാക്കിയിരിക്കെ ഉദുമ മണ്ഡലത്തിൽ പോരിന് ചൂടേറി. മണ്ഡലത്തിൽ രണ്ടാം തവണയും ഈ സിയായി ജയിച്ചു കയറാമെന്നായിരുന്നു ഇടതുമുന്നണിയുടെ തുടക്കത്തിലെ കണക്കുക്കൂട്ടൽ. എന്നാൽ പ്രചാരണത്തിന്റെ അവസാന ലാപ്പിലേയ്ക്ക് എത്തിയതോടെ യു.ഡി എഫ് പ്രവർത്തകർ ആവേശത്തിലാണ്.
ചെമ്മനാട്, ഉദുമ, പള്ളിക്കര , പുല്ലൂർ പെരിയ ,ബേഡകം, കുറ്റിക്കോൽ , ദേലംപാടി, മുളിയാർ പഞ്ചായത്തുകൾ ഉൾപ്പെടുന്നതാണ് ഉദുമ നിയമസഭാ മണ്ഡലം . 1977 ൽ രൂപം കൊണ്ട മണ്ഡലത്തിൽ 1987 ഒഴികെ എല്ലാ തെരഞ്ഞെടുപ്പുകളിലും ചുവന്നു നിന്ന മണ്ഡലമാണിത്. മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങൾ ചൂണ്ടിക്കാട്ടിയാണ് സി.എച്ച്.കുഞ്ഞമ്പു രണ്ടാം വട്ടവും തെരഞ്ഞെടുപ്പ് ഗോദയിൽ ഇറങ്ങിയത്. യു.ഡി.എഫ് സ്ഥാനാർത്ഥി പ്രഖ്യാപനം നടത്തും മുമ്പു തന്നെ കുഞ്ഞമ്പു സജീവ പ്രവർത്തനം ആരംഭിച്ചിരുന്നു. ഇത് ഫലത്തിൽ പ്രതിഫലിക്കുമെന്നാണ് പ്രവർത്തകരുടെ കണക്കുകൂട്ടൽ.
എന്നാൽ പഞ്ചായത്തു തെരഞ്ഞെടുപ്പിൽ ഉണ്ടായ മേൽക്കൈയിലാണ് യു.ഡി എഫിന്റെ പ്രതീക്ഷ. അതിനാൽ ഇത്തവണ ഉദുമയിലെ ഫലം പ്രവചനത്തിനും അപ്പുറത്താണെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ. അതേസമയം ഇന്റലിജൻസ് നൽകിയ റിപ്പോർട്ട് ഇരു മുന്നണികളുടെയും ചങ്കിടിപ്പിക്കുന്നതാണ്. ബേഡകത്തു സി.എച്ച് കുഞ്ഞമ്പുവിനു 8000 ൽ പരം വോട്ടുകളുടെ ലീഡ് ലഭിക്കുമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. കുറ്റിക്കോലിൽ നിന്നു 3500 വോട്ടുകളുടെ ലീഡ് ലഭിക്കുമെന്നും ദേലംപാടി, പുല്ലൂർ പെരിയ , പള്ളിക്കര പഞ്ചായത്തുകളിലും മേൽക്കൈ കുഞ്ഞമ്പുവിനു ലഭിക്കുമെന്നും റിപ്പോർട്ട് പറയുന്നു. മുളിയാർ പഞ്ചായത്തിൽ യു.ഡി എഫിലെ കെ. നീലകണ്ഠൻ 3000 ൽ പരം വോട്ടുകകളുടെ ലീഡു നേടുമെന്നാണ് റിപ്പോർട് . ഉദുമ പഞ്ചായത്തിൽ നിന്നുള്ള ലീഡും നീലകണ്ഠന് അനുകൂലമാകുമെന്നാണ് സൂചന. ചെമ്മനാട് പഞ്ചായത്തിലാണ് യു.ഡി എഫിന്റെ പ്രതീക്ഷയും എൽ ഡി എഫിന്റെ ചങ്കിടിപ്പും. നിലവിലെ കണക്ക് അനുസരിച്ച് ചെമ്മനാട്ടു നിന്നു യുഡിഎഫിനു 15000 ൽ പരം വോട്ടുകളുടെ മുൻതൂക്കം ഉണ്ടാകുമെന്നാണ് കണക്കുകൂട്ടൽ. ഈ വോട്ടുകളിൽ വിള്ളൽ വീഴ്ത്തിയാലോ, വീണാലോ ഫലം നിർണായകമാക്കുമെന്നും റിപ്പോർട്ടുകളുണ്ട്. ബി.ജെ.പി സ്ഥാനാർത്ഥി മനു ലാൽ മേലത്തും മണ്ഡലത്തിൽ നിർണായക സ്വാധീനം ചെലുത്തുമെന്നും റിപ്പോർട്ടുണ്ട്.മനു ലാലിനു യു.ഡി എഫ് വോട്ടുകളിൽ വിള്ളൽ വീഴ്ത്താനായാൽ ഫലം കണക്കുകൂട്ടലുകൾക്ക് അപ്പുറത്താകുമെന്നു കരുതുന്നു.






