ന്യൂഡൽഹി: ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ 5 കിലോ ശേഷിയുള്ള ചെറിയ ഗ്യാസ് സിലിണ്ടറായ ‘ചോട്ടു’യ്ക്ക് ഡിമാൻഡ് വർധിക്കുന്നു. പുതിയ ഗ്യാസ് കണക്ഷൻ എടുക്കാൻ ബുദ്ധിമുട്ടുന്നവർക്കും ജോലി ആവശ്യത്തിന് പുറത്തു താമസിക്കുന്ന അവിവാഹിതർക്കും ഇത് ഏറെ സഹായകരമാണ്.പശ്ചിമേഷ്യൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ കേരളം ഉൾപ്പെടെ ചില സംസ്ഥാനങ്ങളിൽ പാചകവാതക വിതരണത്തിൽ തടസ്സങ്ങൾ നേരിടുന്ന സാഹചര്യത്തിൽ ‘ചോട്ടു’ സിലിണ്ടറുകളുടെ പ്രാധാന്യം കൂടിയിട്ടുണ്ട്.ചോട്ടു സിലിണ്ടർ വാങ്ങാൻ റേഷൻ കാർഡോ ആധാർ കാർഡോ പോലുള്ള വിലാസ രേഖ നിർബന്ധമല്ല; തിരിച്ചറിയൽ രേഖ മാത്രം മതിയാകും. ഇന്ത്യൻ ഓയിൽ പെട്രോൾ പമ്പുകൾ, ഇൻഡേൻ ഗ്യാസ് ഏജൻസികൾ, തിരഞ്ഞെടുത്ത കിരാണ സ്റ്റോറുകൾ, സൂപ്പർമാർക്കറ്റുകൾ എന്നിവിടങ്ങളിൽ നിന്ന് ഇത് നേരിട്ട് വാങ്ങാം. സിലിണ്ടർ തീർന്നാൽ പ്രത്യേക ബുക്കിംഗ് ആവശ്യമില്ലാതെ ഏതെങ്കിലും വിതരണ കേന്ദ്രത്തിൽ നിന്ന് മാറ്റിയെടുക്കാനും സാധിക്കും.സാധാരണ ഗ്യാസ് സിലിണ്ടറുകളെ പോലെ വലിയ ഡെപ്പോസിറ്റ് തുക നൽകേണ്ടതില്ല. സിലിണ്ടർ തിരികെ നൽകുമ്പോൾ ഏകദേശം 500 രൂപ വരെ തിരികെ ലഭിക്കുന്ന ബൈ-ബാക്ക് സൗകര്യവും ലഭ്യമാണ്.14.2 കിലോ സിലിണ്ടറുകൾക്കായി ബുക്കിംഗ് നടത്തി കാത്തിരിക്കേണ്ടി വരുന്ന സാഹചര്യത്തിൽ അടിയന്തിര ആവശ്യങ്ങൾക്ക് ‘ചോട്ടു’ മികച്ചൊരു പരിഹാരമാണ്. ചില ഏജൻസികൾ ചെറിയ അധിക ചാർജോടെ വീടുകളിലേക്ക് ഡെലിവറിയും നൽകുന്നുണ്ട്.ഇതിനോടൊപ്പം ഉപയോഗിക്കാവുന്ന ഭാരം കുറഞ്ഞ സ്റ്റൗകളും വിപണിയിൽ ലഭ്യമാണ്. ഗ്യാസ് വിലയിലെ മാറ്റങ്ങൾ അനുസരിച്ച് ‘ചോട്ടു’യുടെ വിലയിലും വ്യത്യാസം ഉണ്ടാകും. കേരളത്തിൽ 14.2 കിലോ സിലിണ്ടറിന് ഏകദേശം 922 രൂപയോളം വില വരുമ്പോൾ, അതിനേക്കാൾ കുറഞ്ഞ നിരക്കിലാണ് 5 കിലോ സിലിണ്ടർ ലഭിക്കുന്നത്. ഏറ്റവും പുതിയ വില അറിയാൻ സമീപത്തെ ഇൻഡേൻ ഗ്യാസ് ഏജൻസിയെ ബന്ധപ്പെടുന്നതാണ് ഉചിതം.







