കാസർകോട് : എൽപിജി വാണിജ്യ സിലിണ്ടറുകളുടെ ക്ഷാമം മുതലെടുത്ത് ഹോട്ടലുകളിൽ ഭക്ഷണത്തിന് തോന്നിയപോലെ വില ഈടാക്കുന്നതായി പരാതി. ജില്ലയിലെ ഹോട്ടലുകളിൽ ഭക്ഷണത്തിന് 10 മുതൽ 25% വരെ അധിക വില ഈടാക്കുന്നതാ യാണ് പരാതി. ഹോട്ടൽ ഭക്ഷണത്തെ ആശ്രയിക്കുന്നവർക്ക് ഇത് വലിയ ആഘാതമായിട്ടുണ്ട്. ഭക്ഷണങ്ങൾക്ക് ഇരട്ടി വില നൽകേണ്ടതിനാൽ ഭക്ഷണശാലകളിൽ ഭക്ഷണങ്ങളുടെ വിലവിവരം പ്രദർശിപ്പിക്കണമെന്ന് ഉപഭോക്താക്കൾ ആവശ്യപ്പെടുന്നുണ്ട്. എന്നാൽ ഹോട്ടൽ ഉടമകൾ ഇതിന് തയ്യാറാകുന്നില്ല. കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി നേരത്തെ തന്നെ എൽപിജി ക്ഷാമ ത്തിന്റെ പേരിൽ ഹോട്ടലുകളിൽ അധിക തുക ഈടാക്കരുതെന്ന് നിർദ്ദേശം നൽകിയിട്ടുണ്ട്. സംസ്ഥാന സർക്കാറാകട്ടെ നിയമസഭാ തെരഞ്ഞെടുപ്പ് സമയമായതിനാൽ ഈ വിഷയത്തിൽ ഇപ്പോൾ ഇടപെടുന്നുമില്ല. അതിനിടെ സിലിണ്ടർ ക്ഷാമം ഉള്ളതിനാൽ ഹോട്ടലുടമകൾ 4000 രൂപയൊക്കെ കൊടുത്താണ് സിലിണ്ടർ കരിഞ്ചന്തകൾ വഴി വാങ്ങുന്നതെന്ന് പറയുന്നു. ഇത്ര വില കൂട്ടി ആരാണ് സിലിണ്ടറുകൾ നൽകുന്നതെന്ന് ഹോട്ടൽ ഉടമകൾ പറയുന്നുമില്ല.കിട്ടു ന്നത് മുടങ്ങിപ്പോകുമോ എന്ന ഭയവും ഹോട്ടലുടമകൾക്കു ണ്ട്. സിലിണ്ടറുകൾ കരിഞ്ചന്തയിൽ വിൽക്കുന്നത് തടയാൻ കേന്ദ്ര സംസ്ഥാന സർക്കാറുകൾ കർശനമായ നടപടികളാണ് സ്വീകരിച്ചു വരുന്നത്. ഇതിനിടയിലാണ് വലിയ തുക ഈടാക്കി ഹോട്ടലുകൾക്ക് കരിഞ്ചന്തയിൽ സിലിണ്ടറുകൾ നൽകുന്നത്. ഇതനുസരിച്ച് ഹോട്ടലുടമകൾ ഭക്ഷണത്തിന് വില കൂട്ടുകയും ചെയ്യുന്നു.ഇത് ഉപഭോക്താക്കൾക്ക് ഭാരമാകുന്നു. കഴിഞ്ഞ 15 ദിവസത്തിനിടയിൽ ചായയ്ക്ക് ജില്ലയിൽ 15 രൂപ മുതൽ 20 രൂപ വരെ ഈടാക്കുന്നുണ്ട്. എണ്ണക്കടികൾക്ക് 15 മുതൽ 25 രൂപ വരെയും ഈടാക്കുന്നു. പൊറോട്ട,ചപ്പാത്തി, കടലക്കറികൾ എന്നിവയ്ക്കും വിലവർധനവുണ്ട്. ചിക്കൻ,മീൻ,ബീഫ് കറികൾക്കും ഊണിനും വില വർദ്ധിപ്പിച്ചിട്ടുണ്ട്. വെജിറ്റേറിയൻ റെസ്റ്റോറന്റ്കളിൽ ഊണിന് “ഐറ്റം” കുറച്ച് വില കൂട്ടി നൽകുന്നതായും പരാതിയുണ്ട്. നോൺ വെജ് റസ്റ്റോറന്റ്കളിലും ബിരിയാണി അടക്കമുള്ള ഭക്ഷണ വിഭവങ്ങൾക്ക് വില കൂട്ടിയിട്ടുണ്ട്.പല ഹോട്ടലുകളും അടച്ചിടുന്നതിന് പകരം ഉള്ള സിലിണ്ടറുകൾ വെച്ച് പ്രവർത്തിക്കുന്നുണ്ട്.അത്തരം ഹോട്ടലുകൾ ഉച്ചയോടെ അടക്കുകയും ചെയ്യുന്നു. സിലിണ്ടർ ക്ഷാമം പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഹോട്ടലുടമകൾ സമരരംഗത്ത് ഇറങ്ങിയിട്ടുമുണ്ട്. ജില്ലയിലെ ഗ്യാസ് ഏജൻസി ഓഫീസുകൾക്ക് മുന്നിലാണ് സമരപരിപാടികൾ ആസൂത്രണം ചെയ്തിട്ടുള്ളത്.







