നാഗ്പൂര്‍: 80 ലക്ഷം രൂപയുടെ തട്ടിപ്പ് കേസില്‍ പ്രതിയായി കസ്റ്റഡിയില്‍ കഴിയുന്ന യുവതിയോട് കേസില്‍ നിന്ന് ഒഴിവാക്കാന്‍ ലൈംഗികാവശ്യം ഉന്നയിച്ച എ.എസ്.ഐക്ക് സസ്‌പെന്‍ഷന്‍. അകോളയിലെ 54 കാരനായ അസിസ്റ്റന്റ് പൊലീസ് സബ് ഇന്‍സ്പെക്ടര്‍ രാജേഷ് ജാദവിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. 45കാരിയായ സ്ത്രീയുടെ പരാതിയിലാണ് നടപടി. രണ്ടുദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ കഴിയുന്നതിനിടെ കേസില്‍ നിന്ന് ഒഴിവാക്കാന്‍ ഇയാള്‍ ലൈംഗികാവശ്യം ഉന്നയിക്കുകയായിരുന്നുവെന്നാണ് പരാതി. യുവതി ആവശ്യം നിരസിച്ചതോടെ മകളെ അയച്ചാലും മതിയെന്നായിരുന്നു പൊലീസുകാരന്റെ നിര്‍ദേശം. 10,000 രൂപ വാഗ്ദാനം ചെയ്യുകയും ചെയ്തു. ഇതോടെ ഉദ്യോഗസ്ഥനെ ശാസിച്ച യുവതി വനിതാ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. അവര്‍ ഉടന്‍ തന്നെ മുതിര്‍ന്ന ഉദ്യോഗസ്ഥരെ ഇക്കാര്യം അറിയിച്ചു. തുടര്‍ന്ന് പൊലീസ് സൂപ്രണ്ട് അര്‍ചിത് ചന്ദക് ഇയാളെ സസ്‌പെന്‍ഡ് ചെയ്തു. സംഭവം പുറത്തുവന്നതിന് പിന്നാലെ പൊലീസ് സ്റ്റേഷനില്‍ കസ്റ്റഡിയില്‍ കഴിയുന്ന ഒരു വനിതാ തടവുകാരിക്കെതിരായ ഉദ്യോഗസ്ഥന്റെ മോശം പെരുമാറ്റത്തിനെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്.







