പത്തനംതിട്ട: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി സഹൃദയനല്ലെന്ന് ആരു പറഞ്ഞു? അയ്യപ്പന്റെ പൂങ്കാവനമായ പത്തനംതിട്ടയിൽ ഇന്നലെ നടന്ന യുഡിഎഫ് തിരഞ്ഞെടുപ്പ് പ്രചരണ പൊതുയോഗത്തിൽ സംസ്ഥാനത്ത് ഇതിനിടയിൽ പ്രചുരപ്രചാരം നേടിയ സ്വർണം കട്ടവൻ ആരപ്പാ പാരഡി ഗാനം അദ്ദേഹം താളാത്മകമായി ആലപിച്ചതു യു.ഡി.എഫ് പ്രവർത്തകരെ ആവേശത്തിന്റെ കൊടുമുടിയിലെത്തിച്ചു. പാരഡിയിലെ ആദ്യ വരിയായ സ്വർണം കട്ടവൻ ആരപ്പാ എന്ന് രാഹുൽ താളാത്മകമായി പാടി നിർത്തി ശ്വാസമെടുക്കുന്നതിന് മുമ്പ് സമ്മേളനത്തിൽ പങ്കെടുത്ത അണികൾ ഒറ്റക്കെട്ടായി ഒരേ താളത്തിലും ഒരേ രാഗത്തിലും അത് സഖാക്കളാണേ അയ്യപ്പാ..എന്നു ഏറ്റുപാടിയതോടെ സദസ് ആവേശം കൊണ്ടു ഇളകി മറിഞ്ഞു. കട്ടുകട്ട് അയ്യപ്പന്റെ തിരുവാഭരണങ്ങൾ വരെ കട്ടുവെന്നു രാഹുൽ സഹതപിച്ചു. ശബരിമലയിലെ സ്വർണ്ണം സിപിഎം നേതാക്കൾ കൊള്ളയടിച്ചു – രാഹുൽ ആരോപിച്ചു. ലോകമെമ്പാടുമുള്ള അയ്യപ്പ വിശ്വാസികളുടെ ആരാധനാ കേന്ദ്രമായ ശബരിമലയിൽ സഖാക്കൾ കൊള്ള നടത്തിയിട്ടും, എവിടെപ്പോയാലും ക്ഷേത്രങ്ങളുടെ ജൈവ ചൈതന്യത്തെക്കുറിച്ച് സംസാരിക്കുന്ന പ്രധാനമന്ത്രി കേരളത്തിൽ എത്തിയപ്പോൾ അക്കാര്യത്തിൽ മൗനിയായി നിന്നു – രാഹുൽ ആരോപിച്ചു. അത് എന്തുകൊണ്ടാണെന്ന് രാഹുൽചോദിച്ചു. അതിനു മറുപടിയും അദ്ദേഹം പറഞ്ഞു: പ്രധാനമന്ത്രിയും പിണറായിയും തമ്മിലുള്ള ഡീലിന്റെ ഭാഗമാണതെന്നായിരുന്നു മറുപടി.







