പത്തനംതിട്ട: ചെറുനാരങ്ങ സംസ്ഥാനത്തു തിരഞ്ഞെടുപ്പ് പ്രചരണ രംഗത്ത് ഇപ്പോൾ താരമായിരിക്കുന്നു. ചെറുനാരങ്ങ തേടിയുള്ള രാഷ്ട്രീയക്കാരുടെ പോരാട്ടം പലേടങ്ങളിലും രൂക്ഷമായതോടെ നാരങ്ങ കച്ചവടക്കാർ കട അടയ്ക്കേണ്ട നിലയിലേക്ക് കാര്യങ്ങൾ നീങ്ങിക്കൊണ്ടിരിക്കുകയാണെന്നും സംസാരമുണ്ട്. മലയോര മേഖലയായ പത്തനംതിട്ടയിലാണ് നിനച്ചിരിക്കാതെ നാരങ്ങയ്ക്ക് താര പദവി ലഭിച്ചിരിക്കുന്നത്. കഠിനമായ വേനൽ ചൂടിൽ തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ അവസാന ലാപ്പിൽ മുന്നണികൾ കൂടുതൽ പ്രവർത്തകരെ രംഗത്തിറക്കുകയും വേനൽച്ചൂടിന്റെ കാഠിന്യത്തിൽ അവരെല്ലാം വിയർത്തു കുളിക്കുകയുമാണെന്നും പറയുന്നു. ദാഹമകറ്റാൻ കുറഞ്ഞ ചെലവിൽ ലഭിക്കുന്ന നാരങ്ങ വെള്ളത്തിനു മുന്നണി വ്യത്യാസമില്ലാതെ പ്രവർത്തകർ പരക്കം പാച്ചിൽ തുടങ്ങിയതോടെയാണ് ഇപ്പോൾ ചെറുനാരങ്ങാ പത്തനംതിട്ടയിൽ തിരഞ്ഞെടുപ്പിലെ പ്രധാന കഥാപാത്രമായി മാറിയത്. അതു നാരങ്ങാ വ്യാപാരികൾക്കു ആദ്യം ഭാഗ്യക്കുറി അടിച്ച മാതിരിയായിരുന്നു. എന്നാൽ താമസിയാതെ അതു പൊല്ലാപ്പായിമാറുകയും ചെയ്യുന്നു. ആവശ്യക്കാർ വർധിക്കുന്നതിനനുസരിച്ചു അവർക്കു നൽകാൻ ചെറുനാരങ്ങാകിട്ടാതായതോടെ വ്യാപാരികൾ നേരിയ തോതിൽ വില വർധിപ്പിച്ചു. അതൊന്നും പ്രശ്നമല്ലെന്ന മട്ടിൽ ആവശ്യക്കാർ പിന്നീട് ഇടിച്ചു കയറാൻ തുടങ്ങിയതോടൊപ്പം മാർക്കറ്റിൽ നാരങ്ങ കിട്ടാത്ത സ്ഥിതി വന്നു. കോയമ്പത്തൂരിൽ നിന്നാണ് തെക്കൻ കേരളത്തിൽ ചെറുനാരങ്ങ എത്തുന്നത്. കാലാവസ്ഥാ വ്യതിയാനം കാെണ്ട് അവിടെ ഉൽപാദനം കുറഞ്ഞു. പോരാത്തതിനു തമിഴ്നാട്ടിലും തിരഞ്ഞെടുപ്പുരംഗം കുതൽ ചൂടുപിടിക്കുന്ന സ്ഥിതി ഉടലെടുത്തുകൊണ്ടുമിരിക്കുന്നു. ഇവിടാണെങ്കിൽ ദാഹമകറ്റാൻ മുന്നണികൾ കൂട്ടം കൂട്ടമായി നാരങ്ങാക്കടകൾക്കുമുന്നിൽ വോട്ടു പിടിത്തവും ഒച്ചപ്പാടും പൂഴ്ത്തിവയ്പിനും കുത്തക മുതലാളിത്തത്തിനുമെതിരെ പ്രതിഷേധവും ആരംഭിക്കാനുള്ള പുറപ്പാടിലുമാണ്. ഈ സാഹചരത്തിൽ നാരങ്ങാകടകൾ അടച്ചിടുന്നതിനെ ക്കുറിച്ചുള്ള ആലോചനയിലാണു വ്യാപാരികളെന്നു പറയുന്നു.







