കുമ്പള: യാത്രക്കാരി ബസില്‍ കുഴഞ്ഞു വീണു മരിച്ചു. ഇന്നലെ വൈകിട്ടു മംഗലാപുരത്തു നിന്നു കാസര്‍കോട്ടേക്ക് വരുകയായിരുന്ന കര്‍ണ്ണാടക സ്‌റ്റേറ്റ് ബസിലെ യാത്രക്കാരിയായിരുന്ന തമിഴ്‌നാട് സ്വദേശിനി അഞ്ജല(60)യാണ് ബസില്‍ കുഴഞ്ഞു വീണത്. ഇവരെ ഉടന്‍ കുമ്പള സഹകരണാശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. തമിഴ്‌നാട് കലൂര്‍ കള്ളക്കുറിച്ചിയിലെ പരേതനായ മാരിമുത്തുവിന്റെ ഭാര്യയാണ്.
കാസര്‍കോട് തളങ്കര ഭാഗത്താണ് ഇവര്‍ താമസിക്കുന്നത്. വര്‍ഷങ്ങളായി കല്ലുമ്മക്കായ ശേഖരിച്ചാണ് ജീവിക്കുന്നത്. മകള്‍ നിത്യയും അനന്തിയും കള്ളക്കുറിച്ചിയിലാണ് താമസം. സഹോദരന്‍ പാവാട്. അസുഖത്തെത്തുടര്‍ന്നു അഞ്ജല തമിഴ്‌നാട്ടില്‍ മക്കളോടൊപ്പമായിരുന്നു. ചികിത്സയും വിശ്രമവും കഴിഞ്ഞു 15 ദിവസം മുമ്പാണ് കാസര്‍കോട് വീണ്ടും തിരിച്ചെത്തിയത്. അഞ്ജലയുടെ മരണവിവരമറിഞ്ഞു ബന്ധുക്കള്‍ കാസര്‍കോട്ടേക്ക് തിരിച്ചിട്ടുണ്ട്.






