മലപ്പുറം: സിപിഎം-എസ്.ഡി.പി.ഐ ഡീല്‍ ആരോപണം തള്ളി മുഖ്യമന്ത്രി പിണറായി വിജയന്‍. തിരൂരില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ഡീല്‍ ആരോപണം നുണയാണെന്ന് പറഞ്ഞ മുഖ്യമന്ത്രി രാഷ്ട്രീയ നേട്ടത്തിനായി യുഡിഎഫിന് ഇങ്ങനെയൊക്കെ പറയേണ്ടി വരുമെന്നും വ്യക്തമാക്കി. വര്‍ഗീയതയോട് വിരുദ്ധ നിലപാടാണ് എല്‍ഡിഎഫ് സ്വീകരിച്ചത്. തുടര്‍ഭരണം ലഭിച്ചത് ഗിമ്മിക്ക് കൊണ്ടല്ലെന്ന് പറഞ്ഞ മുഖ്യമന്ത്രി, തുടര്‍ഭരണം വന്നതിന് ശേഷം സംസ്ഥാനത്തെ എല്ലാ രംഗങ്ങളിലും പുരോഗതി കൈവരിച്ചിട്ടുണ്ടെന്നും അവകാശപ്പെട്ടു. തന്റെ പെരുമാറ്റം ജനങ്ങള്‍ വിലയിരുത്തട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സര്‍ക്കാരിന്റെ വികസന നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് കൊണ്ടായിരുന്നു മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനം. പൊതുവിദ്യാഭ്യാസ രംഗത്തെ നവീകരണം, ആരോഗ്യ മേഖലയിലുണ്ടായ വികസനം, സാമൂഹ്യ സുരക്ഷാ പദ്ധതികളുടെ വ്യാപനം എന്നിവയാണ് സര്‍ക്കാരിന്റെ പ്രധാന നേട്ടങ്ങളെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. യുവാക്കളുടെ സ്വപ്നങ്ങള്‍ക്കും നാടിന്റെ വളര്‍ച്ചയ്ക്കും അനുകൂലമായ സാഹചര്യം സംസ്ഥാനത്ത് രൂപപ്പെട്ടുത്താന്‍ കഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു. ദീര്‍ഘവീക്ഷണത്തോടെയുള്ള നയങ്ങളുടെ പ്രയോഗവും ജനകീയ പ്രതിബദ്ധതയും ഒത്തുചേര്‍ന്ന് സംസ്ഥാനത്ത് വലിയ മാറ്റങ്ങള്‍ കൈവരിക്കാന്‍ കഴിഞ്ഞുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
സര്‍ക്കാര്‍ പ്രഖ്യാപിച്ച പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കി. പ്രവാസികള്‍ക്ക് സര്‍ക്കാര്‍ ശക്തമായ പിന്തുണയാണ് നല്‍കുന്നത്. പ്രവാസി വിരുദ്ധ നിലപാടാണ് യുഡിഎഫ് സ്വീകരിക്കുന്നത്. രാജ്യത്ത് ആദ്യമായി പ്രവാസികളെ ക്ഷേമ പെന്‍ഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയത് ഇടത് സര്‍ക്കാരാണെന്നും മുഖ്യമന്ത്രി പറഞ്ഞു. 2009-ല്‍ പ്രവാസി ക്ഷേമ ബോര്‍ഡ് രൂപീകരിച്ചതും ഈ രംഗത്തെ പ്രധാന നേട്ടമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.







