കല്‍പ്പറ്റ: വീട്ടുമുറ്റത്ത് നില്‍ക്കുകയായിരുന്ന വയോധികയെ കാട്ടാന തുമ്പിക്കൈയില്‍ ചുറ്റി തൂക്കിയെറിഞ്ഞു.
വയനാട് സുല്‍ത്താന്‍ ബത്തേരി മൂടക്കൊല്ലിയിലാണ് സംഭവം. കൈതവേലില്‍ തങ്കമ്മയ്ക്കാണ് (80) ആനയുടെ ആക്രമണത്തില്‍ പരിക്കേറ്റത്. വീടിന്റെ മുറ്റത്ത് നില്‍ക്കുകയായിരുന്ന തങ്കമ്മയെ കാട്ടാന തുമ്പിക്കൈയില്‍ ചുഴറ്റി തൂക്കിയെറിയുകയായിരുന്നു. വീഴ്ചയില്‍ കാലിന് ഗുരുതരമായി പരിക്കേറ്റ തങ്കമ്മയെ സുല്‍ത്താന്‍ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വേനല്‍ കടുത്തതോടെ വയനാട്ടില്‍ കാട്ടാനകള്‍ കൂട്ടമായി നാട്ടിലിറങ്ങുന്നത് പതിവായിരിക്കുകയാണ്. ഇവ കാര്‍ഷിക വിളകള്‍ വ്യാപകമായി നശിപ്പിക്കുന്നു. ആളുകള്‍ക്ക് നേരെ അക്രമം നടത്തുന്നതും പതിവായിരിക്കുകയാണ്. ഇതിനെതിരെ സ്ഥലവാസികള്‍ രംഗത്തിറങ്ങിയിട്ടുണ്ട്. കാട്ടാനകളില്‍ നിന്ന് സംരക്ഷിക്കണമെന്ന് ജനങ്ങള്‍ അധികൃതരോട് ആവശ്യപ്പെടുന്നു.







