തലപ്പാടി: തൊക്കോട്ട് ബൈക്കില്‍ കാറിടിച്ച് വീഴ്ത്തി യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതികളെ പൊലീസ് തിരിച്ചറിഞ്ഞു. ഉള്ളാള്‍, സുറത്ത്ക്കല്ല്, വാമഞ്ചൂര്‍, ബണ്ട്വാള്‍ സ്വദേശികളാണ് കൊലയാളി സംഘത്തില്‍ ഉണ്ടായിരുന്നതെന്നാണ് പൊലീസിനു ലഭിച്ചിട്ടുള്ള വിവരം. ഇവരെ കണ്ടെത്താന്‍ വിവിധ പൊലീസ് സംഘങ്ങള്‍ ശ്രമം ആരംഭിച്ചു. അതേസമയം കൊലയാളികള്‍ സഞ്ചരിച്ചിരുന്നതെന്നു കരുതുന്ന ഇന്നോവ കാര്‍ വിട്‌ലയ്ക്കു സമീപത്തു ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. മലയാളിയുടെ ഉടമസ്ഥതയിലുള്ളതാണ് പ്രസ്തുത കാര്‍. എന്നാൽ കാറു ടമയ്ക്കു കൊലപാതകവുമായി എന്തെങ്കിലും ബന്ധം ഉണ്ടോയെന്നതിനെ കുറിച്ചും പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മംഗ്‌ളൂരു ,കുദ്രോളി സ്വദേശിയും ആറുവര്‍ഷമായി ഉള്ളാള്‍ അജ്ജിനടുക്ക, മുളുഗുഡ്ഡയില്‍ താമസക്കാരനുമായ ആരിഫ് ഹുസൈന്‍ എന്ന ടാബ്ലറ്റ് ഹാരിഫ് (42) വെള്ളിയാഴ്ചയാണ് പുലർച്ചെയാണ് തൊക്കോട്ട് ഫ്‌ളൈ ഓവറിനു മുകളില്‍ വെട്ടേറ്റു മരിച്ചത്. ബൈക്കില്‍ മംഗ്‌ളൂരുവിലേയ്ക്ക് പോവുകയായിരുന്നു ആരിഫ് ഹുസൈന്‍. പിന്‍തുടര്‍ന്ന് എത്തിയ അക്രമികള്‍ ബൈക്കില്‍ കാറിടിച്ചു വീഴ്ത്തിയ ശേഷം വെട്ടിക്കൊല്ലുകയായിരുന്നു. പുലര്‍കാലമായതിനാല്‍ റോഡില്‍ യാത്രക്കാര്‍ വളരെ കുറവായിരുന്നു. ഇതും ഫ്‌ളൈ ഓവറിനു മുകളില്‍ ക്യാമറകള്‍ ഇല്ലാത്തതുമാണ് കൊലപാതകത്തിനു പ്രസ്തുത സ്ഥലം തെരഞ്ഞെടുത്തതെന്നു സംശയിക്കുന്നു. നിരവധി കേസുകളില്‍ പ്രതിയായ ആരിഫ് ഹുസൈന്‍ പൊലീസിന്റെ ഗുണ്ടാപ്പട്ടികയിലുള്ള ആളാണ്. ഇയാള്‍ക്കു നേരെ 2022ല്‍ വധശ്രമം ഉണ്ടായിരുന്നു. തൊപ്പി നൗഫല്‍ എന്നയാളുടെ നേതൃത്വത്തിലായിരുന്നു അക്രമം. അന്ന് തലനാരിഴയ്ക്കാണ് ഹാരിഫ് രക്ഷപ്പെട്ടത്.
പ്രസ്തുത കേസില്‍ പ്രതിയായ തൊപ്പി നൗഫലിനെ 2025 നവംബര്‍ മാസത്തില്‍ മഞ്ചേശ്വരം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഉപ്പളയില്‍ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. കൊലപാതകമാണെന്നാണ് അന്ന് ആരോപണം ഉയര്‍ന്നിരുന്നത്. ഇതു സംബന്ധിച്ച് നൗഫലിന്റെ സഹോദരന്‍ പൊലീസില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ മൃതദേഹം പോസ്റ്റു മോര്‍ട്ടം ചെയ്ത ഡോക്ടറുടെ നിഗമനം ട്രെയിന്‍ തട്ടി മരിച്ചതെന്നതായിരുന്നു. അതിനാല്‍ മഞ്ചേശ്വരം പൊലീസ് തുടര്‍ അന്വേഷണവുമായി മുന്നോട്ടു പോയില്ല. എന്നാല്‍ നൗഫല്‍ എന്തിനു ഉപ്പളയില്‍ എത്തിയെന്നതിനെ കുറിച്ചുള്ള സംശയങ്ങള്‍ നീങ്ങിയതുമില്ല. വിവിധ സ്ഥലങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള സി സി ടി വി ക്യാമറകളിലെ ദൃശ്യങ്ങള്‍ പൊലീസ് അന്വേഷണത്തിന്റെ ഭാഗമായി പരിശോധിച്ചിരുന്നു. സ്ഥലത്ത് മറ്റൊരു കൊലക്കേസ് പ്രതിയുടെ സാന്നിധ്യം പരിശോധനയില്‍ കണ്ടെത്തിയിരുന്നുവെങ്കിലും ദുരൂഹത നീക്കാന്‍ കഴിഞ്ഞിരുന്നില്ല. ആരിഫ് ഹുസൈന്റെ കൊലപാതകത്തോടെ തൊപ്പി നൗഫലിന്റെ ദുരൂഹ മരണം കൂടി ചര്‍ച്ചയായിട്ടുണ്ട്.







