കാസർകോട്: ആദ്യത്തെ വേനൽ മഴക്ക് കാസർകോട് ടൗൺ പുഴ ആയി . കെ എസ് ആർ ടി സി സ്റ്റാൻഡിന് മുൻവശത്തെ ബാങ്ക് റോഡ് ആണ് പരമാവധി 10 മിനിറ്റ് പെയ്ത മഴയിൽ പുഴയായത്. കാലവർഷം വരുമ്പോൾ എന്താവും സ്ഥിതി എന്ന് യാത്രക്കാർ ആശങ്കപ്പെടുന്നു. മലിന ജലം ഒഴുക്കിവിടുന്നതിനു കോടികൾ ചെലവഴിച്ച് ഏതാനും വർഷം മുമ്പ് ടൗണിലെ റോഡുകൾക്ക് മുഴുവൻ ഓവുചാലുണ്ടാക്കിയിരുന്നു .അതു മുഴുവൻ കച്ചവട സ്ഥാപനങ്ങളിലെ മാലിന്യങ്ങൾ കുത്തിനിറച്ച് പൂർണമായി അടഞ്ഞിരിക്കുകയാണ് എന്ന് പറയുന്നു. മുനിസിപ്പാലിറ്റി ഒന്നുകിൽ മാലിന്യങ്ങൾ നിക്ഷേപിക്കാൻ സംവിധാനം ഏർപ്പെടുത്തണം. അല്ലെങ്കിൽ ഓടയിൽ മാലിന്യങ്ങൾകുത്തിനിറക്കുന്ന വ്യാപാരികൾക്കെതിരെ നടപടിയെടുക്കണം. ഇത് രണ്ടും മാത്രമല്ല, ഓവുചാലിലൂടെ മലിന ജലം പോകുന്നില്ലെങ്കിൽ സ്ലാബ് ഇളക്കി മാലിന്യങ്ങൾ നീക്കം ചെയ്യാനുള്ള നടപടിയെക്കുറിച്ചും മുൻസിപ്പാലിറ്റി ശ്രദ്ധിക്കുന്നേയില്ലെന്നു പരാതിയുണ്ട്. കെഎസ്ആർടിസി സ്റ്റാൻഡിലെ മുഴുവൻ മലിന ജലവും മഴവെള്ളവും ബാങ്ക് റോഡിലേക്ക് ഒഴുകി ഇറങ്ങുന്നു. പോരാത്തതിന് അടഞ്ഞ ഓവുചാലിൽ നിന്നുള്ള മലിന ജലവും റോഡിൽ ഒഴുകുന്നു. യാത്രക്കാർക്ക് ടൗണിൽ നടക്കാൻ പോലും കഴിയാത്ത സ്ഥിതിയാണ്. ഓവുചാലുകൾ വൃത്തിയാക്കി ടൗണിൽ സുഗമമായ ഗതാഗതം ഉറപ്പാക്കണം എന്ന് ആവശ്യമുയരുന്നുണ്ട്.






