മംഗ്‌ളൂരു: കാമുകിക്കു പരപുരുഷ ബന്ധങ്ങള്‍ ഉള്ളതായി സംശയിച്ച് യുവതിയെയും പത്തുവയസ്സുള്ള മകളെയും അരപ്പട്ട കൊണ്ട് കഴുത്ത് മുറുക്കി കൊലപ്പെടുത്തിയ കേസിലെ പ്രതിയെ കോടതി കുറ്റക്കാരനാണെന്നു കണ്ടെത്തി. ഭദ്രാവതി സ്വദേശി ഹരീഷി (33)നെയാണ് അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി കുറ്റക്കാരനാണെന്നു കണ്ടെത്തിയത്.
2022മെയ് എട്ടിന് ഹിരിയടുക്കയ്ക്ക് സമീപത്തെ മഡഗ, മുള്ളുഗുജ്ജിയിലാണ് കേസിനാസ്പദമായ സംഭവം. ചെലു (35) പത്തുവയസ്സുള്ള മകള്‍ പ്രിയ എന്നിവരാണ് കൊല്ലപ്പെട്ടത്. ഇരട്ട കൊലക്കേസിനെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങിനെ – “ചെലുവുമായി ഹരീഷ് പ്രണയത്തിലായിരുന്നു. എന്നാല്‍ കാമുകിക്ക് മറ്റു ചിലരുമായി ബന്ധം ഉണ്ടെന്നായിരുന്നു ഹരീഷ് കരുതിയിരുന്നത്. സംശയം വര്‍ധിച്ചതോടെ ഇരുവരും തമ്മിലുള്ള ബന്ധത്തില്‍ വിള്ളല്‍ വീഴുന്ന ഘട്ടം വരെ എത്തി. തുടര്‍ന്നാണ് കൊലപാതകം നടത്താന്‍ പദ്ധതിയിട്ടത്. സംഭവ ദിവസം ചെലുവിന്റെ മാതാവും സഹോദരനും ഭദ്രാവതിയിലേയ്ക്ക് പോയിട്ടുള്ള കാര്യം മനസ്സിലാക്കിയ പ്രതി ചെലുവിനെ വിളിക്കുകയും അന്നു രാത്രി വീട്ടില്‍ എത്തുകയും ചെയ്തു. ചെലുവിന്റെ മൊബൈല്‍ ഫോണ്‍ പരിശോധിച്ച ശേഷം സംശയം കനക്കുകയും രാത്രി 12.30 മണിയോടെ ചെലുവിനെ കഴുത്തില്‍ അരപ്പട്ട മുറുക്കി കൊലപ്പെടുത്തുകയുമായിരുന്നു. പത്തു വയസ്സുകാരിയായ മകള്‍ എല്ലാം കണ്ടുവെന്നു മനസ്സിലാക്കിയാണ് അവളെയും സമാന രീതിയില്‍ കൊലപ്പെടുത്തിതെന്ന്” പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി. ചെലുവിന്റെ കഴുത്തില്‍ നിന്നു സ്വര്‍ണ്ണമാലയും മൊബൈല്‍ ഫോണും കവര്‍ന്ന ശേഷമാണ് ഹരീഷ് സ്ഥലം വിട്ടത്. ഹിരിയടുക്ക പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ അറസ്റ്റു ചെയ്തത്. പ്രതിക്കുള്ള ശിക്ഷ പിന്നീട് വിധിക്കും .







