വാഷിംഗ്ടണ്‍: യുഎസ് കറന്‍സി നോട്ടുകളില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഒപ്പ് പതിപ്പിക്കാന്‍ ട്രഷറി വകുപ്പിന്റെ തീരുമാനം. അമേരിക്കയുടെ 250-ാം സ്വാതന്ത്ര്യദിനാഘോഷങ്ങളോടനുബന്ധിച്ചാണ് യുഎസ് ട്രഷറി ഇത്തരത്തിലൊരു തീരുമാനം എടുത്തതെന്നറിയുന്നു. അമേരിക്കന്‍ ചരിത്രത്തില്‍ ആദ്യമായാണ് പദവിയിലിരിക്കുന്ന ഒരു പ്രസിഡന്റിന്റെ ഒപ്പ് കറന്‍സിയില്‍ വരുന്നത്. ഇതോടെ 1861 മുതല്‍ തുടര്‍ന്നുപോന്ന 165 വര്‍ഷത്തെ പാരമ്പര്യത്തിനാണ് വിരാമമാകുന്നത്.
ട്രംപിന്റെയും ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസെന്റിന്റെയും ഒപ്പുകളുള്ള ആദ്യ 100 ഡോളര്‍ നോട്ടുകള്‍ ജൂണ്‍ മാസത്തില്‍ അച്ചടിക്കുമെന്നാണ് അറിയുന്നത്. ട്രംപിന്റെ ഒപ്പ് വരുന്നതോടെ യുഎസ് ട്രഷററുടെ ഒപ്പ് കറന്‍സിയില്‍ നിന്ന് ഒഴിവാക്കപ്പെടും. ട്രംപിന്റെ ചിത്രം പതിപ്പിച്ച സ്വര്‍ണ്ണ നാണയങ്ങള്‍ക്കും കഴിഞ്ഞ ആഴ്ച കമ്മീഷണര്‍ ഓഫ് ഫൈന്‍ ആര്‍ട്‌സ് അനുമതി നല്‍കിയിരുന്നു. മുഷ്ടി ചുരുട്ടി റെസല്യൂട്ട് മേശയില്‍ ചാരി നില്‍ക്കുന്ന ട്രംപിനെയാണ് നാണയത്തില്‍ ചിത്രീകരിച്ചിരിക്കുന്നത്.
അമേരിക്കന്‍ സമ്പദ് വ്യവസ്ഥയുടെ കരുത്തും സ്ഥിരതയും അടയാളപ്പെടുത്തുന്ന നീക്കമാണ് ഇതെന്നാണ് ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസെന്റ് അഭിപ്രായപ്പെട്ടത്. ട്രംപിന്റെ രണ്ടാം ഭരണകാലത്തെ സാമ്പത്തിക നേട്ടങ്ങളുടെ അടയാളമായിട്ടാണ് ഈ നീക്കത്തെ ട്രഷറി സെക്രട്ടറി വിശേഷിപ്പിച്ചത്. എന്നാല്‍ സ്വന്തം പേര് എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങളിലും മുദ്രപ്പതിപ്പിക്കാനുള്ള ട്രംപിന്റെ ശ്രമത്തിന്റെ ഭാഗമാണിതെന്നാണ് വിമര്‍ശകരുടെ വാദം. നിലവില്‍ ജോ ബൈഡന്‍ സര്‍ക്കാരിന്റെ കാലത്തെ ഉദ്യോഗസ്ഥരുടെ ഒപ്പുള്ള നോട്ടുകളാണ് വിനിമയത്തിലുള്ളത്.
അമേരിക്കന്‍ നിയമപ്രകാരം ജീവിച്ചിരിക്കുന്ന വ്യക്തികളുടെ ചിത്രങ്ങള്‍ കറന്‍സി നോട്ടുകളില്‍ പതിപ്പിക്കാന്‍ പാടില്ല. എന്നാല്‍ ഒപ്പിന്റെ കാര്യത്തില്‍ ട്രഷറി വകുപ്പിന് പ്രത്യേക അധികാരമുണ്ടെന്നാണ് അധികൃതര്‍ പറയുന്നത്. കോവിഡ് കാലത്തെ ദുരിതാശ്വാസ ചെക്കുകളില്‍ ട്രംപ് തന്റെ പേര് പതിപ്പിച്ചതും വിവാദമായിരുന്നു.







