ന്യൂഡല്‍ഹി: നടന്‍ മോഹന്‍ലാലിന് ആശ്വാസമായി ഡല്‍ഹി ഹൈക്കോടതി. നടന്‍ സമര്‍പ്പിച്ച ലിങ്കുകള്‍ നീക്കം ചെയ്യാന്‍ കോടതി നിര്‍ദേശം നല്‍കി. വൈകിട്ട് നാലരയ്ക്കുള്ളില്‍ നീക്കിയ ലിങ്കുകളുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും കോടതി നിര്‍ദേശിച്ചു.
വ്യക്തി അവകാശങ്ങള്‍ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് മോഹന്‍ലാല്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ അനുകൂല ഉത്തരവ്. എഐ ഉപയോഗിച്ച് ശബ്ദം ക്ലോണ്‍ ചെയ്യുന്നുവെന്നും ചിത്രങ്ങളും വീഡിയോകളും നിര്‍മിച്ച് പ്രചരിപ്പിക്കുന്നുവെന്നും ഇവയെല്ലാം തന്റെ അനുവാദമില്ലാതെ കൊമേഴ്‌സ്യല്‍ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നുവെന്നുമാണ് മോഹന്‍ലാല്‍ ഹര്‍ജിയില്‍ പറഞ്ഞിരുന്നത്.
മെറ്റയടക്കം സോഷ്യല്‍ മീഡിയ ഭീമന്‍മാരെ എതിര്‍കക്ഷിയാക്കിയാണ് നടന്‍ ഹര്‍ജി നല്‍കിയത്.
ഹര്‍ജിയെ മെറ്റ എതിര്‍ത്തിരുന്നു. മോഹന്‍ലാല്‍ കേരളത്തില്‍ നിന്നുള്ള വ്യക്തിയാണെന്നും ഡല്‍ഹി ഹൈക്കോടതിയുടെ അധികാരപരിധിയില്‍ വരുന്ന വിഷയമല്ലെന്നുമാണ് മെറ്റയുടെ വാദം.
ഹര്‍ജി പരിഗണിച്ച ഹൈക്കോടതി ജസ്റ്റിസ് ജ്യോതിസിംഗ് അനുകൂല വിധി പ്രസ്താവിക്കുകയായിരുന്നു. കേസില്‍ മോഹന്‍ലാലിന് വേണ്ടി അഭിഭാഷകരായ എം.എഫ് ഫിലിപ്പ്, ശ്രീഹരി ഇന്ദു കലാധരന്‍, സ്മിത ദാമോദരന്‍ നായര്‍ എന്നിവര്‍ ഹാജരായി.
ബോളിവുഡ് താരങ്ങളായ അമിതാഭ് ബച്ചന്‍, അഭിഷേക് ബച്ചന്‍, ഐശ്വര്യ റായ് ബച്ചന്‍, അനില്‍ കപൂര്‍, സൊണാക്ഷി സിന്‍ഹ തുടങ്ങിയവര്‍ നേരത്തെ സമാന വിഷയത്തില്‍ ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ച് അനുകൂല വിധി നേടിയിരുന്നു.







