കാസര്‍കോട്: നിയന്ത്രണം തെറ്റിയ ഓംനിവാന്‍ റോഡരുകിലെ മരത്തിലിടിച്ച ശേഷം 12 അടി താഴ്ചയിലുള്ള കുഴിയിലേക്ക് മറിഞ്ഞു. ഏറെ നേരം വാനില്‍ കുടുങ്ങിയ ഡ്രൈവറെ നാട്ടുകാര്‍ സാഹസികമായി രക്ഷപ്പെടുത്തി. ബദിയഡുക്ക, വിദ്യാഗിരി ബാജയിലെ സത്യനാരായണഭട്ടി (70)നെയാണ് രക്ഷപ്പെടുത്തിയത്. ഇയാളെ സാരമായി പരിക്കേറ്റ നിലയില്‍ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വ്യാഴാഴ്ച രാവിലെ ഏഴു മണിയോടെ ബദിയഡുക്ക-വിദ്യാഗിരി-സുള്ള്യപ്പദവ് റോഡിലെ വിദ്യാഗിരി, നവക്കാനയിലാണ് അപകടമുണ്ടായത്. ഷുഗര്‍ പരിശോധിക്കുന്നതിനായി ബദിയഡുക്കയിലേക്ക് പോവുകയായിരുന്നു സത്യനാരായണ ഭട്ട്. നവക്കാനയില്‍ എത്തിയപ്പോള്‍ വാനിന്റെ നിയന്ത്രണം തെറ്റി റോഡരുകിലെ മരത്തിലിടിച്ച് കുഴിയിലേക്ക് മറിഞ്ഞാണ് അപകടം. ഏറെ സമയത്തിനു ശേഷം അതുവഴി പോയ പ്രസാദ് മുനിയൂര്‍ ഇതുകാണുകയും വിവരം ഉടന്‍ പൊതുപ്രവര്‍ത്തകനായ ഹാരിസ് ബി.ഡി.കെയെ അറിയിക്കുകയും ചെയ്തു. ഉടന്‍ തന്നെ ഹാരിസും സുധാകരനും മെമ്പര്‍ ബാലകൃഷ്ണഷെട്ടിയും സൂപ്പി ഹാജിയും നാട്ടുകാരും സ്ഥലത്തെത്തി ജെസിബി വരുത്തുകയും അതുപയോഗിച്ച് ഓംനിവാന്‍ പൊളിച്ചു അതില്‍ കുടുങ്ങിയ സത്യനാരായണഭട്ടിനെ പുറത്തെടുത്ത് കാസര്‍കോട്ട് ആശുപത്രിയില്‍ എത്തിക്കുകയുമായിരുന്നു.
ഫയര്‍ ആന്റ് റെസ്‌ക്യൂ ഓഫീസര്‍ വേണുഗോപാലിന്റെ നേതൃത്വത്തില്‍ ഫയര്‍ഫോഴ്‌സ് എത്തുന്നതിനു മുമ്പ് വാനില്‍ നിന്നു നാട്ടുകാര്‍ സത്യനാരായണ ഭട്ടിനെ പുറത്തെടുത്തിരുന്നു. പിന്നീട് ജെസിബി ഉപയോഗിച്ച് വാന്‍ കുഴിയില്‍ നിന്നു മുകളിലേക്ക് കയറ്റി. അപകടത്തില്‍ വാന്‍ ഏതാണ്ട് പൂര്‍ണ്ണമായും തകര്‍ന്നു. വിവരമറിഞ്ഞ് നിരവധി പേര്‍ സ്ഥലത്തെത്തിയിരുന്നു. ബദിയഡുക്ക പൊലീസും സ്ഥലത്തെത്തി.






