ചെന്നൈ: 17 കാരിയായ പ്ലസ്ടു വിദ്യാര്‍ത്ഥിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ ഒരാഴ്ചയ്ക്കുശേഷം പ്രതി അറസ്റ്റില്‍. തമിഴ്‌നാട് തൂത്തൂക്കുടിയിലാണ് സംഭവം. രാമനാഥപുരം ജില്ലയിലെ സായല്‍കുടി സ്വദേശി എം. ധര്‍മ്മ മുനീശ്വരന്‍ എന്ന മാവീരന്‍ (38) ആണ് അറസ്റ്റിലായത്. 2022 ല്‍ സമാനരീതിയില്‍ ഇയാള്‍ അറസ്റ്റിലായിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.
നാല് ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ടുമാരും ആറ് ഇന്‍സ്‌പെക്ടര്‍മാരും ഉള്‍പ്പെടുന്ന സംഘങ്ങള്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതി കുടുങ്ങിയതെന്ന് തൂത്തുക്കുടി ജില്ലാ പൊലീസ് സൂപ്രണ്ട് സി. മധന്‍ അറിയിച്ചു. പ്രതിയെ കണ്ടെത്താന്‍ 461 പേരെ നേരിട്ടും ഡിജിറ്റല്‍ രീതികളിലൂടെയും ചോദ്യം ചെയ്തു.
മാര്‍ച്ച് 10 ന് വൈകുന്നേരമാണ് 17കാരിയെ വീട്ടില്‍ നിന്ന് 250 മീറ്റര്‍ അകലെയുള്ള വനപ്രദേശത്ത് കാണാതായത്. തുടര്‍ന്ന് മാതാപിതാക്കള്‍ പരാതി നല്‍കാന്‍ എത്തിയെങ്കിലും കേസെടുക്കാന്‍ പൊലീസ് വിസമ്മതിക്കുകയായിരുന്നുവെന്ന് പരാതിയുണ്ട്.
വിലാത്തികുളം സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ ഇരയ്ക്കെതിരെ അപമാനകരമായ പരാമര്‍ശങ്ങള്‍ നടത്തിയതായി പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ ആരോപിച്ചിരുന്നു. ഒടുവില്‍, കുളത്തൂര്‍ പൊലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തു. മാര്‍ച്ച് 11 ന് പെണ്‍കുട്ടിയെ മരിച്ചനിലയില്‍ കണ്ടെത്തി.
പിന്നാലെ പ്രതിയെ അറസ്റ്റ് ചെയ്യണമെന്നും കൃത്യസമയത്ത് നടപടിയെടുക്കാത്തതിന് കുളത്തൂര്‍, വിലാത്തികുളം പൊലീസിനെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് പെണ്‍കുട്ടിയുടെ കുടുബവും ഗ്രാമവാസികളും പ്രതിഷേധം നടത്തി. മാര്‍ച്ച് 12 ന് പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായെങ്കിലും, പ്രതിയെ അറസ്റ്റ് ചെയ്തതിനുശേഷം മാത്രമേ മൃതദേഹം സ്വീകരിക്കൂ എന്നും കുടുംബം വാശി പിടിച്ചു. മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് നിന്ന് ഏതാനും മീറ്റര്‍ അകലെ പാര്‍ക്ക് ചെയ്തിരുന്ന ഒരു ബൈക്ക് കണ്ടെത്തിതാണ് പ്രതിയിലേക്കുള്ള അന്വേഷണത്തിന് നിര്‍ണായകമായത്. പരിസര പ്രദേശങ്ങളില്‍ നിന്നുള്ള കൂടുതല്‍ സിസിടിവി ദൃശ്യങ്ങളും പ്രതിയെ കണ്ടെത്താന്‍ സഹായിച്ചു.
പിന്നാലെ പ്രതിയെ അറസ്റ്റ് ചെയ്തു. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് രാമനാഥപുരം ജില്ലയിലെ പാര്‍ത്ഥിബനൂരില്‍ നിന്ന് മോഷ്ടിച്ച ബൈക്കാണ് ഇതെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.







