റാന്നി: വിവാഹവാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്ന പരാതിയില്‍ സിപിഎം മുന്‍ ഏരിയ കമ്മിറ്റിയംഗം ചേത്തയ്ക്കല്‍ ചേകോട്ട് അലന്‍ മാത്യു(27)വിനെതിരെ റാന്നി പൊലീസ് കേസെടുത്തു. 32 കാരി നല്‍കിയ പരാതിയിലാണ് കേസ്. പരാതിക്ക് പിന്നാലെ ഒളിവില്‍ പോയ അലനുവേണ്ടി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.
2024 ല്‍ ആണ് പീഡനമെന്ന് പരാതിയില്‍ പറഞ്ഞു. വിവാഹവാഗ്ദാനം നല്‍കിയായിരുന്നു പീഡനം. പല സ്ഥലങ്ങളിലെത്തിച്ചായിരുന്നു പീഡനമെന്ന് പരാതിയില്‍ പറഞ്ഞു. പിന്നീട് വിവാഹത്തില്‍ നിന്ന് പിന്മാറിയതോടെ യുവതി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. അലന്‍ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ പഴവങ്ങാടി ഗ്രാമപ്പഞ്ചായത്ത് അഞ്ചാം വാര്‍ഡിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിച്ച് പരാജയപ്പെട്ടിട്ടുണ്ട്.
പഞ്ചായത്ത് തിരഞ്ഞെടുപ്പിന് ശേഷം പീഡനം സംബന്ധിച്ച പരാതിയില്‍ യുവതിയെ വിവാഹം ചെയ്യാന്‍ അലനോട് പാര്‍ട്ടി നിര്‍ദേശിച്ചിരുന്നു. സ്പെഷല്‍ ആക്ട് പ്രകാരം നടപടി ആരംഭിച്ചതായി അലന്‍ പാര്‍ട്ടിയെ അറിയിച്ചെങ്കിലും വിവാഹത്തിന് തയാറായില്ല. ഇതോടെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാന്‍ നടപടിയെടുത്തതായി സിപിഎം ഏരിയ സെക്രട്ടറി കെ.പി.സുഭാഷ് കുമാര്‍ പറഞ്ഞു.
പരാതി ഉയര്‍ന്നപ്പോള്‍ തന്നെ അലനെ ചുമതലകളില്‍ നിന്ന് പുറത്താക്കിയിരുന്നു. രണ്ടു മാസം മുന്‍പ് ഇയാളെ ഏരിയ കമ്മിറ്റിയംഗത്വം അടക്കം എല്ലാ പദവികളില്‍ നിന്നും ഒഴിവാക്കുകയും പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുകയും ചെയ്തിരുന്നതായി സുഭാഷ് കുമാര്‍ വെളിപ്പെടുത്തി.
അതേസമയം സിപിഎം പ്രാദേശിക നേതാവിനെതിരെയുള്ള പീഡന പരാതി അട്ടിമറിക്കാന്‍ പൊലീസും പാര്‍ട്ടിയും ശ്രമിച്ചതായി പരാതിക്കാരി ആരോപിച്ചു. എസ്. പി വഴി നല്‍കിയ പരാതി പോലും പൊലീസ് അവഗണിച്ചുവെന്നും എല്ലാം പാര്‍ട്ടി നിര്‍ദേശപ്രകാരമായിരുന്നുവെന്നും യുവതി ആരോപിച്ചു. ആത്മഹത്യയ്ക്ക് ശ്രമിച്ച് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചശേഷമാണ് കേസ് എടുത്തതെന്നും യുവതി ചൂണ്ടിക്കാട്ടി. പാര്‍ട്ടി നേതാക്കള്‍ ഇടപെട്ടാണ് വിവാഹം കഴിക്കുമെന്ന ഉറപ്പ് നല്‍കിയത്. എന്നാല്‍ കുറ്റാരോപിതന്‍ പിന്മാറിയിട്ടും ആരും ഇടപെട്ടില്ലെന്നും പരാതിക്കാരി ആരോപിച്ചു.







