എടിഎമ്മില്‍ നിന്ന് 10,000 രൂപ പിന്‍വലിച്ച യുവാവിന് പണം കിട്ടിയില്ല; 9 വര്‍ഷത്തെ നിയമ പോരാട്ടത്തിനൊടുവില്‍ ബറോഡ ബാങ്കിന് നല്‍കേണ്ടി വന്നത് മൂന്നരലക്ഷം രൂപ

സൂറത്ത്: എടിഎമ്മില്‍ നിന്ന് 10,000 രൂപ പിന്‍വലിച്ച യുവാവിന് പണം കിട്ടിയില്ല. തുടര്‍ന്ന് നടത്തിയ നീണ്ട കാലത്തെ നിയമ പോരാട്ടത്തിനൊടുവില്‍ ബാങ്ക് ഓഫ് ബറോഡ പരാതിക്കാരന് മൂന്നരലക്ഷം രൂപ നഷ്ടപരിഹാരം നല്‍കേണ്ടി വന്നു. 2017 ഫെബ്രുവരി 18 ന് സൂറത്തിലെ ഉധ്നയിലെ എടിഎമ്മില്‍ നിന്ന് പണം എടുക്കാന്‍ ശ്രമിച്ച് പരാജയപ്പെട്ട ഉപഭോക്താവിനാണ് മൂന്നരലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ കോടതി ബാങ്കിനോട് നിര്‍ദേശിച്ചുകൊണ്ട് വിധി പ്രസ്താവിച്ചത്.

എസ്.ബി.ഐയുടെ എടിഎമ്മില്‍ നിന്ന് പരാതിക്കാരനായ യുവാവ് 10,000 രൂപ പിന്‍വലിക്കാന്‍ ശ്രമിച്ചു. കാര്‍ഡ് ഇട്ട് പിന്‍ നമ്പര്‍ നല്‍കിയെങ്കിലും മെഷീനില്‍ നിന്ന് പണമോ രസീതോ ലഭിച്ചില്ല. എന്നാല്‍ നിമിഷങ്ങള്‍ക്കുള്ളില്‍ അദ്ദേഹത്തിന്റെ അക്കൗണ്ടില്‍ നിന്ന് 10,000 രൂപ നഷ്ടമായെന്ന സന്ദേശം ലഭിച്ചു.
തുടര്‍ന്ന് ഫെബ്രുവരി 21 ന് പരാതിക്കാരന്റെ വീട്ടിനടുത്തുള്ള ഡുംഭാലിലെ ബാങ്ക് ഓഫ് ബറോഡ ശാഖയില്‍ ഇതുസംബന്ധിച്ച് പരാതി നല്‍കി. എന്നാല്‍ ഫലമുണ്ടായില്ല. തുടര്‍ന്ന് നിരവധി തവണ ഇമെയിലുകളിലൂടെയും നേരിട്ടും പരാതിയുമായി ബാങ്കിനെ സമീപിച്ചെങ്കിലും പ്രതികരണമില്ലാതിരുന്നതിനെ തുടര്‍ന്ന് ഉപഭോക്തൃ കോടതിയെ സമീപിക്കുകയായിരുന്നു.

2017 ഡിസംബര്‍ 20 ന് പരാതിയുമായി യുവാവ് ഉപഭോക്തൃ കോടതിയെ സമീപിച്ചു. വാദം കേള്‍ക്കുന്നതിനിടെ, എടിഎം മെഷീന്‍ എസ്ബിഐയുടേതാണെന്നും ഇടപാട് അവരുടെ രേഖകളില്‍ ‘വിജയകരമാണെന്ന്’ കാണിച്ചതിനാല്‍ തങ്ങള്‍ ഉത്തരവാദികളല്ലെന്നും ബാങ്ക് ഓഫ് ബറോഡ വാദിച്ചു. ഇതിനെ എതിര്‍ത്ത ഉപഭോക്തൃ കമ്മീഷന്‍ ഇടപാട് സംബന്ധിച്ച ശരിയായ വിവരങ്ങള്‍ നല്‍കാന്‍ ബാങ്കിനോട് നിര്‍ദേശിക്കുകയായിരുന്നു. എടിഎം ഇടപാടില്‍ ഉപഭോക്താവിന് പണം ലഭിക്കാതിരുന്നാല്‍ അഞ്ച് ദിവസത്തിനുള്ളില്‍ അത് തിരികെ നല്‍കണമെന്ന ആര്‍ബിഐ നിയമം ബാങ്ക് ലംഘിച്ചുവെന്നും കോടതി ചൂണ്ടിക്കാട്ടി. ബാങ്ക് ഓഫ് ബറോഡയിലാണ് പരാതിക്കാരന്റെ അക്കൗണ്ടുള്ളത്. പണമെടുക്കാന്‍ ശ്രമിച്ചത് എഎസ്.ബി.ഐയുടെ എടിഎമ്മില്‍ നിന്നായിരുന്നു.

ഒന്‍പത് വര്‍ഷത്തെ നിയമ പോരാട്ടത്തിനൊടുവില്‍ 10,000 രൂപയും ഒമ്പതു ശതമാനം വാര്‍ഷിക പലിശയും ഉപഭോക്താവിന് നല്‍കാന്‍ കോടതി നിര്‍ദ്ദേശിച്ചു. കാലതാമസത്തിന് പ്രതിദിനം 100 രൂപ പിഴയും ചുമത്തി.
2026 ഫെബ്രുവരി 26 ആയപ്പോഴേക്കും, കാലതാമസം 3,288 ദിവസമായി നീണ്ടു. ഇതോടെ നഷ്ടപരിഹാര തുക 3,28,800 രൂപയായി. ഇതിനുപുറമെ, മാനസിക പീഡനത്തിന് 3,000 രൂപയും നിയമപരമായ ചെലവുകള്‍ക്കായി 2,000 രൂപയും നല്‍കാന്‍ കോടതി ബാങ്കിനോട് ഉത്തരവിട്ടു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
ചട്ടഞ്ചാല്‍ ദേശീയ പാതയില്‍ ബൈക്കിനു പിന്നില്‍ കാറിടിച്ച് സര്‍വ്വീസ് റോഡിലേക്ക് തെറിച്ചു വീണു അപകടം; ഗുരുതരമായി പരിക്കേറ്റ പോളിടെക്‌നിക്ക് വിദ്യാര്‍ത്ഥി മരിച്ചു, നഷ്ടമായത് ഏക മകനെ

You cannot copy content of this page