ആത്മീയതയുടെ മറവില്‍ ലഹരി പാനീയം നല്‍കി 58 സ്ത്രീകളെ പീഡിപ്പിച്ചു; ദൃശ്യങ്ങള്‍ ഒളിക്യാമറയില്‍ പകര്‍ത്തി സൂക്ഷിച്ച ജ്യോതിഷി അറസ്റ്റില്‍

മുംബൈ: ജ്യോതിഷത്തിന്റെയും ആത്മീയതയുടെയും മറവില്‍ ലഹരി പാനീയം നല്‍കി 58 സ്ത്രീകളെ പീഡിപ്പിച്ച കേസില്‍ 67 കാരനായ ജ്യോതിഷിയെ പൊലീസ് അറസ്റ്റുചെയ്തു. മഹാരാഷ്ട്രയിലെ നാസിക്കില്‍ നടന്ന പീഡന കേസില്‍ അശോക് ഖരാട്ട് എന്നയാളാണ് അറസ്റ്റിലായത്. 35 വയസ്സുള്ള ഒരു യുവതി നല്‍കിയ പരാതിയില്‍ അന്വേഷണം നടക്കുന്നതിനിടെയാണ് ഒരാളെ മാത്രമല്ല പലരേയും ഇയാള്‍ പീഡനത്തിനിരയാക്കിയിട്ടുണ്ടെന്നും 58 സ്ത്രീകള്‍ ഇത്തരത്തില്‍ ജ്യോതിഷിയുടെ പീഡനത്തിനിരയായതായും പൊലീസ് കണ്ടെത്തിയത്. സത്യസന്ധമായ പ്രവചനം നടത്തുന്നതിന് പേര് കേട്ട ജ്യോതിഷിയാണ് ഖരാട്ട്. ഉന്നത രാഷ്ട്രീയ ബന്ധങ്ങള്‍ ഇയാള്‍ക്കുണ്ടെന്ന് പൊലീസ് പറഞ്ഞു.

മര്‍ച്ചന്റ് നേവിയില്‍ നിന്ന് വിരമിച്ച ഉദ്യോഗസ്ഥനായതിനാല്‍ ‘ക്യാപ്റ്റന്‍’ എന്ന് സ്വയം വിശേഷിപ്പിക്കുന്ന ഖരാട്ട് സ്ത്രീകളെ അവരുടെ വ്യക്തിപരമായ പ്രശ്‌നങ്ങള്‍ പരിഹരിക്കാമെന്ന് വാഗ്ദാനം ചെയ്ത് തന്റെ ഓഫീസിലേക്ക് വിളിപ്പിച്ച് ലഹരി മരുന്ന് നല്‍കി ഹിപ്‌നോട്ടിസ് ചെയ്തശേഷം പീഡനത്തിനിരയാക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

ഓഫീസിലെത്തിയാല്‍ ഭര്‍ത്താക്കന്മാരുടെ മരണം പ്രവചിച്ചും ദുര്‍മന്ത്രവാദം നടത്തുമെന്നു പറഞ്ഞ് ഭയപ്പെടുത്തിയുമാണ് പീഡനത്തിനിരയാക്കിയിരുന്നതെന്ന് പൊലീസ് പറഞ്ഞു. ജ്യോതിഷിയുടെ ഓഫീസില്‍ നടത്തിയ പരിശോധനയില്‍ രഹസ്യമായി വച്ചിരുന്ന സിസിടിവിയില്‍ പകര്‍ത്തിയ പീഡനത്തിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ പെന്‍ഡ്രൈവും തോക്കുകളും കണ്ടെത്തി.

വിവരങ്ങള്‍ പുറത്താകാതിരിക്കാന്‍ വളരെ രഹസ്യമായാണ് പൊലീസ് അറസ്റ്റ് ആസൂത്രണം ചെയ്തത്. രാത്രിയില്‍ ഖരാട്ടിന്റെ ഫാം ഹൗസിന് പുറത്തെത്തിയ പൊലീസ് സംഘം ‘കള്ളന്‍.. കള്ളന്‍..’ എന്ന് ഉറക്കെ വിളിച്ച് ബഹളമുണ്ടാക്കുകയും ഇതിനിടെയില്‍ വീടിനുള്ളില്‍ കടന്ന് പ്രതിയെ കിടപ്പുമുറിയില്‍ വെച്ച് കീഴ്‌പ്പെടുത്തുകയുമായിരുന്നു. ഫാം ഹൗസില്‍ നിന്ന് ഒരു പിസ്റ്റള്‍, വെടിയുണ്ടകള്‍ എന്നിവ കണ്ടെടുത്തു.

ഖരാട്ടിന്റെ ഉടമസ്ഥതയില്‍ മിര്‍ഗാവിലുള്ള ക്ഷേത്രത്തിലും ആശ്രമത്തിലും നടത്തിയ പരിശോധനയില്‍ സംശയാസ്പദമായ നിരവധി രേഖകള്‍ കണ്ടെത്തി. മഹാരാഷ്ട്രയുടെ വിവിധ ഭാഗങ്ങളിലായി കോടിക്കണക്കിന് രൂപയുടെ സ്വത്തുക്കള്‍ ഇയാള്‍ക്കുണ്ടെന്ന് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. കൂടുതല്‍ യുവതികള്‍ ഇയാളുടെ കെണിയില്‍ കുടുങ്ങി പീഡനത്തിനിരയായിട്ടുണ്ടോ എന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്. സംഭവം പുറത്തുവന്നതോടെ ജ്യോതിഷിക്കെതിരെ പ്രതിഷേധം ശക്തമാകുന്നുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
ചട്ടഞ്ചാല്‍ ദേശീയ പാതയില്‍ ബൈക്കിനു പിന്നില്‍ കാറിടിച്ച് സര്‍വ്വീസ് റോഡിലേക്ക് തെറിച്ചു വീണു അപകടം; ഗുരുതരമായി പരിക്കേറ്റ പോളിടെക്‌നിക്ക് വിദ്യാര്‍ത്ഥി മരിച്ചു, നഷ്ടമായത് ഏക മകനെ

You cannot copy content of this page