ബംഗളൂരു: റീല്‍സ് വീഡിയോ ചിത്രീകരിക്കാന്‍ പിതാവിനെ ജീവനോടെ ചാക്കിലാക്കി കൊറിയര്‍ ചെയ്യാനുള്ള യുവതിയുടെ ശ്രമം ജീവനക്കാര്‍ പൊളിച്ചു. ബെംഗളൂരുവിലെ ബിസിനസ് ഡിസ്ട്രിക്റ്റിലെ സദാശിവനഗറിലുള്ള കൊറിയര്‍ ഓഫീസില്‍ കഴിഞ്ഞദിവസമാണ് സംഭവം. പിതാവിനെ കൊറിയര്‍ ചെയ്യാനായി യുവതിക്കൊപ്പം ഭര്‍ത്താവും ഭര്‍തൃമാതാവും ഭര്‍തൃസഹോദരനും കൊറിയര്‍ ഓഫീസില്‍ എത്തിയിരുന്നു.
പാഴ്സലിന്റെ വലിപ്പം കണ്ട് സംശയം തോന്നിയ ജീവനക്കാര്‍ കെട്ടഴിച്ചു നോക്കിയപ്പോഴാണ് അതിനകത്തുനിന്നു ഒരാള്‍ ജീവനോടെ പുറത്തുവന്നത്. ഇതേകുറിച്ച് യുവതിയോട് ചോദിച്ചപ്പോള്‍ റീല്‍സ് വീഡിയോയ്ക്ക് വേണ്ടിയാണ് പിതാവിനെ ചാക്കില്‍ കയറ്റിയതെന്നായിരുന്നു മറുപടി. റംസാന്‍, ഉഗ്രാഡി സീസണില്‍ യാത്രാ ടിക്കറ്റുകള്‍ ലഭിക്കാത്തതിനാല്‍ കൊറിയര്‍ അയയ്ക്കുന്നതാണ് ഏകമാര്‍ഗമെന്ന് ജനങ്ങളെ കാണിക്കാനാണ് റീലെടുക്കുന്നതെന്നു യുവതി പറഞ്ഞു.
കൊറിയറില്‍ അയക്കാന്‍ കഴിയില്ലെന്ന് ജീവനക്കാര്‍ പറഞ്ഞതോടെ പിന്നെന്തിനാണ് സ്ഥാപനം നടത്തുന്നതെന്നായിരുന്നു യുവതിയുടെ മറുചോദ്യമെന്ന് പറയുന്നു. പിതാവിനെ കൊറിയര്‍ ചെയ്യാന്‍ സാധിക്കുന്ന മറ്റൊരു കൊറിയര്‍ ഏജന്‍സി കണ്ടെത്താമെന്ന് പറഞ്ഞാണ് സംഘം മടങ്ങിയത്. ഇതോടെ കൊറിയര്‍ സ്ഥാപനത്തിലെ ജീവനക്കാര്‍ പരാതിയുമായി പൊലീസിനെ സമീപിക്കുകയായിരുന്നു. പിന്നാലെ യുവതിയെയും കുടുംബത്തെയും പൊലീസ് സ്റ്റേഷനില്‍ വിളിപ്പിച്ച് ഇതില്‍ മാപ്പ് പറയിപ്പിക്കുകയും അത്തരത്തില്‍ റീല്‍ പോസ്റ്റ് ചെയ്യിപ്പിച്ച ശേഷം അവരെ പറഞ്ഞുവിടുകയുമായിരുന്നു.







