കാസര്‍കോട്: പെരുന്നാള്‍ വിപണി ലക്ഷ്യമിട്ട് കോഴി വില കുതിക്കുന്നു. ഇന്ന് ചില്ലറ വില്‍പ്പന വില കിലോയ്ക്ക് 175 രൂപയായി. വില ഇനിയും കൂടാനാണ് സാധ്യതയെന്ന് ചില്ലറ കച്ചവടക്കാര്‍ പറയുന്നു.
നേരത്തെ കോഴിക്ക് ആവശ്യക്കാര്‍ കുറഞ്ഞതും ഫാമുടമകള്‍ ഉല്‍പാദനം കുറച്ചതുമാണു കോഴി ഇറച്ചി ക്ഷാമത്തിനും വില കയറ്റത്തിനും കാരണമെന്ന് മൊത്തവിതരണക്കാര്‍ പറയുന്നു. ഇന്ന് ആവശ്യത്തിന് കോഴികളെ ലഭിക്കുമ്പോഴും വില കുതിച്ചുയരുകയാണെന്നു ഉപഭോക്താക്കള്‍ പറയുന്നു.
കാസർകോട്, മൊഗ്രാൽപുത്തൂർ, കുമ്പള,മൊഗ്രാൽ, ആരിക്കാടി എന്നിവിടങ്ങളിലൊക്കെ 170മുതൽ 180 രൂപയാണ് വില. ചിലയിടങ്ങളിൽ കച്ചവടം പിടിക്കാൻ കോഴിക്കട ഉടമകൾ ഫാമുകളിൽ നിന്ന് നേരിട്ട് കോഴികളെ ഇറക്കി വിലകുറച്ച് നൽകുന്നുണ്ട്.
റംസാൻ സീസണിൽ ആവശ്യത്തിന് മൽസ്യം ലഭിക്കാത്തതും കോഴി ഇറച്ചിക്ക് വില കൂടാൻ കാരണമായിട്ടുണ്ടെന്നുചൂണ്ടിക്കാട്ടുന്നു. പെരുന്നാൾ അടക്കുമ്പോൾ കോഴി വില 200ൽ എത്തുമെന്ന് കച്ചവടക്കാർ പറയുന്നുണ്ട്.






