മംഗളൂരു: കാലികള്‍ക്കൊപ്പം ജോലി ചെയ്തും തൊഴുത്തില്‍ ഉണ്ടുറങ്ങിയും
യൗവനം ഹോമിച്ച കൊറഗ വിഭാഗത്തില്‍പ്പെട്ടയാള്‍ക്കു വാര്‍ധക്യത്തില്‍ അടിമപ്പണിയില്‍ നിന്ന് മോചനം ലഭിച്ചു. ഉഡുപ്പി ജില്ലയിലെ കുന്താപുരം താലൂക്കില്‍പ്പെട്ട കന്യാന ഹെമ്മാഡിയിലെ രജനി ഷെട്ടിയുടെ(60) വീട്ടില്‍ നിന്നാണ്
നാഗയെ(65) പൊലീസ് മോചിപ്പിച്ചത്.
രജനിയെ കുന്താപുരം റൂറല്‍ പൊലീസ് അറസ്റ്റ് ചെയ്തു. കന്യാന സ്വദേശിയായ നാഗയെ മൂന്ന് പതിറ്റാണ്ടുകള്‍ക്ക് മുമ്പാണു ഷാനപ്പ ഷെട്ടി എന്ന സുബ്ബണ്ണ ഷെട്ടി ഹെമ്മാഡിയിലെ വീട്ടിലേക്ക് കൂട്ടി ക്കൊണ്ടുവന്നതെന്നു പറയുന്നു. സുബ്ബണ്ണ ഷെട്ടിയുടെ മരണശേഷം അദ്ദേഹത്തിന്റെ മകള്‍ രജനി ഷെട്ടിയും മരുമകന്‍ കരുണാകര ഷെട്ടിയും തങ്ങള്‍ക്ക് കൈമാറിക്കിട്ടിയ പൈതൃക അവകാശമായി നാഗയെക്കൊണ്ട് അടിമവേല ചെയ്യിക്കുകയായിരുന്നുവത്രെ. കന്നുകാലികളെ പരിപാലിക്കുക, വയലുകള്‍ കൈകാര്യം ചെയ്യുക, വീടും ശൗച്യാലയങ്ങളും വൃത്തിയാക്കുക
തുടങ്ങി ഓരോ ദിവസവും വിശ്രമമില്ലാതെ ജോലി ചെയ്യിക്കുകയായിരുന്നുവത്രെ.കൂലി ഒന്നും നല്‍കിയുമില്ല. കാലിത്തൊഴുത്തില്‍ ഇലയിട്ടാണ് ആഹാരം കൊടുത്തിരുന്നതെന്നു പറയുന്നു.
ഉറങ്ങുന്നതും വസ്ത്രങ്ങള്‍ സൂക്ഷിക്കുന്നതും തൊഴുത്തില്‍ തന്നെയായിരുന്നുവത്രെ.
പുറത്തേക്ക് പോവാന്‍ അനുമതിയില്ലായിരുന്നു. ഒരു സാമൂഹിക പ്രവര്‍ത്തകന്‍ നല്‍കിയ വിവരം അനുസരിച്ചാണ് പൊലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തിയത്. കുന്താപുരം ഡിവൈഎസ്പി എച്ച്.ഡി. കുല്‍ക്കര്‍ണി നാഗയുടെ മൊഴിയെടുത്ത ശേഷം കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.
പിന്നാലെ രജനി ഷെട്ടിയെ അറസ്റ്റ് ചെയ്തു. കോടതി ഇവരെ റിമാന്റ് ചെയ്തു.
ഉഡുപ്പി അഡീ. പോലീസ് സൂപ്രണ്ട്, സാമൂഹികക്ഷേമ വകുപ്പിലെയും തൊഴില്‍ വകുപ്പിലെയും ജീവനക്കാര്‍, കുന്താപുരം ഡെപ്യൂട്ടി തഹസില്‍ദാര്‍, വില്ലേജ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍, ഹട്ടിയങ്ങാടി ഗ്രാമപഞ്ചായത്ത് ജീവനക്കാര്‍എന്നിവര്‍ നാഗയെ പീഡിപ്പിച്ച വീട് സന്ദര്‍ശിച്ചു. നാഗയുടെ പുനരധിവാസത്തിനുള്ള
നടപടികള്‍ സ്വീകരിച്ചതായി അധികൃതര്‍ അറിയിച്ചു.







