ന്യൂഡല്‍ഹി: രാജ്യത്ത് സ്ത്രീകള്‍ക്ക് നിര്‍ബന്ധിത ആര്‍ത്തവ അവധി നല്‍കിയാല്‍ തൊഴില്‍ വിപണിയില്‍ തിരിച്ചടി ഉണ്ടാകുമെന്ന് സുപ്രീംകോടതി അഭിപ്രായപ്പെട്ടു. ആര്‍ത്തവ അവധി നിയമപരമാക്കിയാല്‍ സ്വകാര്യ മേഖലയുള്‍പ്പെടെയുള്ള തൊഴിലുടമകള്‍ സ്ത്രീകളെ ജോലിക്കെടുക്കാന്‍ വിമുഖത കാണിക്കുമെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് നിരീക്ഷിച്ചു. അഭിഭാഷകനായ ശൈലേന്ദ്ര മണി ത്രിപാഠി സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയാണ് കോടതിയുടെ സുപ്രധാനമായ നിരീക്ഷണം ഉണ്ടായത്.
നിയമം നിലവില്‍ വന്നാല്‍ സ്ത്രീകള്‍ പുരുഷന്മാരേക്കാള്‍ പിന്നിലാണെന്ന തെറ്റായ ധാരണ സമൂഹത്തില്‍ പടരുമെന്ന് ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി. ആര്‍ത്തവം എന്നത് എന്തോ മോശം കാര്യമാണെന്ന ചിന്താഗതി തൊഴിലുടമകള്‍ക്കിടയില്‍ വളരാന്‍ ഇത് കാരണമാകും. ‘തൊഴിലുടമകളുടെ മനോഭാവം നിങ്ങള്‍ക്കറിയില്ല, ഇത്തരമൊരു നിയമം വന്നാല്‍ അവര്‍ സ്ത്രീകളെ ജോലിക്കെടുക്കുന്നത് അവസാനിപ്പിക്കും,’ എന്ന് ഹര്‍ജിക്കാരന് കോടതി മുന്നറിയിപ്പ് നല്‍കി. ബോധവല്‍ക്കരണവും നിയമപരമായ നിര്‍ബന്ധവും രണ്ട് വ്യത്യസ്ത കാര്യങ്ങളാണെന്നും കോടതി വ്യക്തമാക്കി. ഇത്തരം ഹര്‍ജികള്‍ ആശങ്ക ഉണ്ടാക്കുന്നവയാണെന്നും കോടതി ചൂണ്ടിക്കാട്ടി. ആര്‍ത്തവ അവധി നയം രൂപപ്പെടുത്തുന്നതിന് ഹര്‍ജിക്കാരന്റെ പ്രാതിനിധ്യം പരിഗണിക്കണമെന്നും കേന്ദ്രത്തോട് കോടതി നിര്‍ദേശിച്ചു.
കേരള സര്‍ക്കാര്‍ 2013ല്‍ സംസ്ഥാനത്തെ സര്‍വ്വകലാശാലകളില്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് ആര്‍ത്തവ അവധി അനുവദിച്ച കാര്യം മുതിര്‍ന്ന അഭിഭാഷകന്‍ എംആര്‍ ഷംഷാദ് കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തി. പല സ്വകാര്യ കമ്പനികളും നിലവില്‍ ഇത്തരത്തില്‍ ഇളവുകള്‍ നല്‍കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ഇവയെല്ലാം സ്വമേധയാ നടപ്പിലാക്കുന്ന രീതികളാണെന്നും നിയമം വഴി ഇത് അടിച്ചേല്‍പ്പിക്കുമ്പോള്‍ സ്ത്രീകളുടെ കരിയര്‍ തന്നെ ഇല്ലാതാകുമെന്നും കോടതി ചൂണ്ടിക്കാട്ടി.







