ബംഗളൂരു: ജോലിയില്‍ പ്രൊമോഷന്‍ കിട്ടാന്‍ ഉപായം പറഞ്ഞുകൊടുത്ത കൈനോട്ടക്കാരന്‍ ഉന്നത ഉദ്യോഗസ്ഥനില്‍ നിന്ന് 31 ലക്ഷംരൂപ തട്ടിയെടുത്തതായി പരാതി. കര്‍ണാടകയിലെ കോറമംഗളയില്‍ അടുത്തിടെ നടന്ന സംഭവം കഴിഞ്ഞദിവസമാണ് പുറംലോകമറിഞ്ഞത്. ആദായ നികുതി വകുപ്പ് ഓഫീസിലെ സീനിയര്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറും ബംഗളൂരു സ്വദേശിയുമായ 55കാരനാണ് തട്ടിപ്പിനിരയായത്. കഴിഞ്ഞ ഡിസംബറില്‍ നടന്ന സംഭവത്തില്‍ കഴിഞ്ഞദിവസമാണ് ഉദ്യോഗസ്ഥന്‍ പരാതി നല്‍കിയത്.
വഴിയരികില്‍ തത്തയുമായിരുന്ന ഒരു കൈനോട്ടക്കാരനാണ് പഠിപ്പും വിവരവുമുള്ള കേന്ദ്ര സര്‍ക്കാരില്‍ ഉന്നത ജോലിയുള്ള ഉദ്യോഗസ്ഥനെ അതിവിദഗ്ദമായി പറ്റിച്ചത്. തന്റെ പ്രൊമോഷന് വേണ്ടിയുള്ള വഴി ആലോചിച്ച് നടക്കുമ്പോഴാണ് കൈനോട്ടക്കാരനെ ഉദ്യോഗസ്ഥന്‍ കാണുന്നത്. ഇന്‍കം ടാക്സ് വകുപ്പില്‍ 33 വര്‍ഷത്തെ ജോലി പരിചയമുള്ളയാളാണ് ഉദ്യോഗസ്ഥന്‍. മുഖം നോക്കി ലക്ഷണം പറയാമെന്ന് പറഞ്ഞാണ് ഉദ്യോഗസ്ഥനെ ശേഖര്‍ എന്ന കൈനോട്ടക്കാരന്‍ വരുതിയിലാക്കിയത്.
ജീവിതത്തില്‍ പ്രതിസന്ധി നിറഞ്ഞ ഒരു ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നതെന്നു കണ്ട മാത്രയില്‍ കൈനോട്ടക്കാരന്‍ പറഞ്ഞു. പ്രത്യേക പൂജ നടത്തിയാല്‍ അത് ഒഴിവാകുമെന്നു കൈനോട്ടക്കാരന്‍ തുടര്‍ന്ന് പറഞ്ഞു. ജ്യോത്സ്യന്റെ വാക്കുകള്‍ കേട്ട് എല്ലാ പ്രതിസന്ധികളും പൂജ കഴിച്ചാല്‍ ഇല്ലാതാകുമെന്ന് കരുതി പൂജ നടത്താന്‍ ഉദ്യോഗസ്ഥന്‍ സമ്മതം മൂളുകയും അതിനായി 50,000 രൂപ നല്‍കുകയും ചെയ്തു.
കുറച്ചുദിവസം കഴിഞ്ഞ് പൂജ നടത്തിയ വിവരം അറിയിച്ച കൈനോട്ടക്കാരന്‍ ജോലിയിലെ പുരോഗതിക്കും പ്രൊമോഷനും ഐശ്വര്യത്തിനുമായി വലിയ പൂജകള്‍ ചെയ്യുന്നത് നല്ലതാണെന്നു നിര്‍ദേശിച്ചു. എന്നാല്‍ ആ പൂജയോട് ഉദ്യോഗസ്ഥന്‍ താല്‍പര്യം കാണിച്ചില്ല. അതിനിടെ പ്രൊമോഷനുമായി ബന്ധപ്പെട്ട ഒരു തടസം വരികയും ചെയ്തു. അതോടെ ഉദ്യോഗസ്ഥന്‍ കൈനോട്ടക്കാരനെ വിളിപ്പിച്ചു. പൂജ നടത്താന്‍ സമ്മതമറിയിച്ചു.
പൂജയുടെ ആവശ്യത്തിന് വീട്ടിലെ സ്വര്‍ണം, വെള്ളി ആഭരണങ്ങളെല്ലാം എടുത്തുകൊണ്ടുവരാന്‍ കൈനോട്ടക്കാരന്‍ പറഞ്ഞു. ഇതനുസരിച്ച് ഫെബ്രുവരി 20ന് വീട്ടിലാരും ഇല്ലാത്ത സമയത്ത് ഉദ്യോഗസ്ഥന്‍ വീട്ടിലിരുന്ന നെക്ക്ലസ്, കമ്മല്‍, ബ്രേസ്ലെറ്റ് എന്നിവ അടക്കം 194 ഗ്രാം സ്വര്‍ണാഭരണങ്ങളും 1.3 കിലോയുടെ വെള്ളിയാഭരണങ്ങളും കൈനോട്ടക്കാരന് നല്‍കി. പിറ്റേന്ന് ആഭരണങ്ങള്‍ തിരികെ ചോദിച്ചപ്പോള്‍ പൂജ പൂര്‍ത്തിയായിട്ടില്ലെന്ന് കൈനോട്ടക്കാരന്‍ പറഞ്ഞൊഴിഞ്ഞു.
മാത്രമല്ല കുടുംബത്തിന് വലിയ അത്യാഹിതം ഉണ്ടാകാന്‍ സാധ്യത കാണുന്നുവെന്നും കൈനോട്ടക്കാരന്‍ പറഞ്ഞു. ഇതോടെ താന്‍ പറ്റിക്കപ്പെടുകയാണോ എന്ന് ഉദ്യോഗസ്ഥന് സംശയം ഉണ്ടായി. ഒന്നു രണ്ടു ദിവസത്തിനിടയില്‍ സംശയം രൂക്ഷമാവുകയും ചെയ്തു. തുടര്‍ന്ന് കൈനോട്ടക്കാരനെതിരെ പൊലീസില്‍ പരാതിപ്പെട്ടു. വിവരമറിഞ്ഞ കൈനോട്ടക്കാരന്‍ പെട്ടെന്ന് സ്ഥലം വിട്ടു. കൈനോട്ടക്കാരനെ കണ്ടെത്താനുള്ള അന്വേഷണം പൊലീസും ഉദ്യോഗസ്ഥരും തുടരുകയാണ്.







