കുമ്പള: കടിച്ച പാമ്പിനെക്കൊണ്ടു വിഷം തിരിച്ചെടുപ്പിച്ചെന്നു കേട്ടിട്ടില്ലേ? കുമ്പള ഭാസ്‌ക്കര നഗറില്‍ അതു സംഭവിച്ചു.
വീടും പരിസരവും റോഡും പൊതു സ്ഥലങ്ങളും ശുചിയായിരിക്കണമെന്നു നിര്‍ബന്ധമുള്ള ഭാസ്‌ക്കര നഗറിലെ നവോദയ ഫ്രണ്ട്‌സ് ക്ലബ്ബ് അടുത്ത കാലത്തായി അതിനുള്ള നടപടികള്‍ ഊര്‍ജ്ജിതപ്പെടുത്തിയിരുന്നു. അതിന്റെ ഭാഗമായി ഒരാഴ്ച മുമ്പു ക്ലബ്ബ് പ്രവര്‍ത്തകര്‍ ശാന്തിപ്പള്ള മുതല്‍ ഭാസ്‌ക്കരനഗര്‍ വരെ റോഡിന് ഇരുവശവും വൃത്തിയാക്കിയിരുന്നു. മാലിന്യത്തിന്റെ പൊടി പോലും ഇല്ലാതെ റോഡ് ശുചീകരിച്ച അവര്‍ റോഡ് ശുചിയായി സൂക്ഷിക്കാന്‍ നാട്ടുകാരെയും യാത്രക്കാരെയും കച്ചവടക്കാരെയും ഉപദേശിക്കുകയും ചെയ്തിരുന്നു.
എന്നാല്‍ കഴിഞ്ഞ ദിവസം റോഡില്‍ മാലിന്യങ്ങള്‍ പ്രത്യക്ഷപ്പെട്ടു. ഭക്ഷണാവശിഷ്ടവും, പ്ലാസ്റ്റിക് കവറുകളും ഒക്കെയുള്ള മാലിന്യങ്ങള്‍ പരമയോഗ്യന്മാരാരോ കൊണ്ടു തള്ളിയതു ക്ലബ്ബ് പ്രവര്‍ത്തകരില്‍ നിരാശയും അമര്‍ഷവും ഉടലെടുത്തു. നാട്ടുകാരുടെ ആരോഗ്യത്തിനു വേണ്ടിയും അഭിമാനത്തിനുവേണ്ടിയും ക്ലബ്ബ് പ്രവര്‍ത്തിക്കുമ്പോള്‍ അതിനു പാരവയ്ക്കുന്നവരാരായാലും അവരെ വെറുതെ വിടാന്‍ പറ്റില്ലെന്നു ക്ലബ്ബ് പ്രവര്‍ത്തകര്‍ തീരുമാനിച്ചു.
സാധാരണ നിലയില്‍ റോഡ് സൈഡില്‍ മാലിന്യം കണ്ടാല്‍ ക്ലബ്ബ് പ്രവര്‍ത്തകര്‍ അത് ഒരു ചര്‍ച്ചാവിഷയം പോലുമാക്കാതെ ശുചീകരിക്കുകയായിരുന്നു പതിവ്. ഇത്തവണ അതിനു പകരം മാലിന്യങ്ങള്‍ അവര്‍ ചികഞ്ഞു പരിശോധിച്ചു. ഏതു കളവും കണ്ടെത്താനുള്ള ഒരു നേരിയ തെളിവു സര്‍വ്വശക്തന്‍ അതില്‍ ഒളിപ്പിച്ചിട്ടുണ്ടാവുമെന്നു പറയാറില്ലേ? അതു പോലൊരു സംഗതി അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നു ക്ലബ്ബ് പ്രവര്‍ത്തകര്‍ക്കു ലഭിച്ചു. കുമ്പള സഹകരണ ആശുപത്രിയില്‍ നിന്നു മരുന്നു വാങ്ങിയതിന്റെ ഒരു ബില്ലായിരുന്നു അത്. ക്ലബ്ബ് പ്രവര്‍ത്തകര്‍ ആശുപത്രിയിലെത്തി അന്വേഷിച്ചപ്പോള്‍ ആശുപത്രിയില്‍ ചികിത്സിച്ച ഹസൈനാറുടെ വിലാസം ലഭിച്ചു. ക്ലബ്ബ് പ്രവര്‍ത്തകര്‍ ഹസൈനാറുമായി ബന്ധപ്പെട്ട് ശാന്തിപ്പള്ള- ഭാസ്‌ക്കര നഗര്‍ റോഡില്‍ തള്ളിയ മാലിന്യങ്ങള്‍ വാരിയെടുത്തു റോഡ് ക്ലീനാക്കണമെന്നാവശ്യപ്പെട്ടു. ഹസൈനാര്‍ അതുപോലെ മാലിന്യങ്ങള്‍ പൊടിപോലുമില്ലാതെ നീക്കം ചെയ്തു.
കടിച്ച- പാമ്പിനെക്കൊണ്ടു വിഷം തിരിച്ചെടുപ്പിച്ച നവോദയ ക്ലബ്ബിനെ നാട്ടുകാര്‍ അഭിനന്ദിച്ചു. ക്ലബ്ബായാല്‍ ഇങ്ങനെ വേണം -അവര്‍ സമ്മതിച്ചു.
ശാന്തിപ്പള്ള- ഭാസ്‌ക്കരനഗര്‍ റോഡില്‍ ആറ് സി സി ടി വി ക്യാമറകള്‍ സ്ഥാപിക്കാനും രാത്രി കാലങ്ങളില്‍ 10 അംഗങ്ങള്‍ വീതമുള്ള സ്‌ക്വാഡുകളെ റോഡ് നിരീക്ഷണത്തിനു നിയോഗിക്കാനും ക്ലബ്ബ് തീരുമാനിച്ചു. ക്യാമറ സ്ഥാപിക്കുന്നതിന്റെ ഭാഗമായി ലഭിച്ച രണ്ടു ക്യാമറകള്‍ ഇന്നു തന്നെ സ്ഥാപിക്കാനും ക്ലബ്ബ് നടപടി ആരംഭിച്ചു.






