കാസര്‍കോട്: സ്വിമ്മിംഗ് പൂളിലെ ജോലിക്കിടയില്‍ പ്ലംബിംഗ് ജോലിക്കാരന് ഷോക്കേറ്റ് ദാരുണാന്ത്യം. ബെള്ളൂര്‍, മുക്കടംഗോളിയിലെ ചിക്കപ്പറൈ-രത്‌നാവതി ദമ്പതികളുടെ മകന്‍ പ്രഭാകര റൈ (39) ആണ് മരണപ്പെട്ടത്. മധൂര്‍, പട്‌ള ഗവ. സ്‌കൂളിനു സമീപത്തെ അബ്ദുള്ള എന്നയാളുടെ വീട്ടുമുറ്റത്തെ സ്വിമ്മിംഗ് പൂളിലാണ് അപകടം. ചൊവ്വാഴ്ച വൈകുന്നേരം നാലു മണിയോടെ ഉണ്ടായ അപകടം സംബന്ധിച്ച വിവരം മണിക്കൂറുകള്‍ വൈകി രാത്രിയിലാണ് പുറത്തറിഞ്ഞത്. ഫയര്‍ഫോഴ്‌സ് എത്തിയാണ് പ്രഭാകരറൈയുടെ മൃതദേഹം ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ എത്തിച്ചത്.
മുഹാദ് എന്ന ആള്‍ക്കാണ് സ്വിമ്മിംഗ് പൂളിലെ നിര്‍മ്മാണ ചുമതല. ഇദ്ദേഹത്തിന്റെ സഹായിയായാണ് പ്രഭാകരറൈ എത്തിയത്. നോമ്പ് ആയതിനാല്‍ മുഹാദ് വൈകുന്നേരം നാലു മണിയോടെ ജോലി നിര്‍ത്തിയിരുന്നു. പ്രഭാകരറൈയോടു ജോലി നിര്‍ത്തിപ്പോകാന്‍ പറഞ്ഞ ശേഷമാണ് സ്ഥലത്ത് നിന്ന് താന്‍ പോയതെന്നു മുഹാദ് പറഞ്ഞു. അതിനു ശേഷമായിരിക്കും അപകടം ഉണ്ടായതെന്നു സംശയിക്കുന്നു. ജോലി കഴിഞ്ഞ് പ്രഭാകരറൈ വീട്ടില്‍ എത്താതിരുന്നതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിനിടയിലാണ് മരണപ്പെട്ട വിവരം അറിഞ്ഞത്. സിസിടിവിയിലെ ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ നാലു മണി കഴിഞ്ഞാണ് അപകടം ഉണ്ടായതെന്നു വ്യക്തമായതായി പറയുന്നു.
ഭാര്യ: അക്ഷത. തുഷാന്‍ ഏക മകനാണ്. സഹോദരങ്ങള്‍: സുധാകരറൈ, കരുണാകരറൈ.






