കാസര്‍കോട്: കാസര്‍കോട് വികസനത്തിനു ഏറെ സാധ്യതകള്‍ ഉള്ള ജില്ലയാണെന്നും ഏറെ സന്തോഷത്തോടെയും പ്രതീക്ഷകളോടെയുമാണ് ജില്ലാ കലക്ടറായി ചുമതലയേല്‍ക്കുന്നതെന്നും ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ പറഞ്ഞു.

ചൊവ്വാഴ്ച രാവിലെ സിവില്‍ സ്റ്റേഷനിലെത്തി സ്ഥാനമൊഴിഞ്ഞ ജില്ലാ കലക്ടര്‍ കെ ഇമ്പശേഖറില്‍ നിന്നു ചുമതലയേറ്റെടുത്ത ശേഷം വാര്‍ത്താ ലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കാസര്‍കോട് ഒരുപാട് അവസരങ്ങള്‍ ഉണ്ട്. അതൊക്കെ മനസ്സിലാക്കി എല്ലാവരുടെയും അഭിപ്രായങ്ങള്‍ മനസ്സിലാക്കിയ ശേഷമായിക്കും പുതിയ പദ്ധതികള്‍ തയ്യാറാക്കുക. കൃത്യമായ പഠനം നടത്തിയ ശേഷമേ പദ്ധതികള്‍ തയ്യാറാക്കൂ- അദ്ദേഹം പറഞ്ഞു.
തൃശൂര്‍ കളക്ടറായിരുന്ന അദ്ദേഹം തിങ്കളാഴ്ച അവിടെ പുതുതായി ചുമതലയേറ്റ കളക്ടര്‍ക്ക് അധികാരം കൈമാറിയശേഷമാണ് രാവിലെ കാസര്‍കോട്ടെത്തിയത്. ഏറെ സന്തോഷത്തോടെയാണ് കാസര്‍കോട്ട് ചുമതലയേല്‍ക്കുന്നത്. പട്ടയം അടക്കം ജനങ്ങള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ക്കെല്ലാം ജനപക്ഷത്തു നിന്നു പരിഹരിക്കുന്നത്. മുന്‍ കളക്ടര്‍ കെ ഇമ്പശേഖര്‍ തുടങ്ങി വച്ച പദ്ധതികള്‍ തുടര്‍ന്നു കൊണ്ടുപോകും- അര്‍ജുന്‍ പാണ്ഡ്യന്‍ പറഞ്ഞു.

എ ഡി എം ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരും സിവില്‍ സ്‌റ്റേഷനിലെ ജീവനക്കാരും കളക്ട്രേറ്റിലെത്തിയ അദ്ദേഹത്തെ സ്വീകരിച്ചു. സ്ഥാനമൊഴിഞ്ഞ ജില്ലാ കളക്ടര്‍ കെ ഇമ്പശേഖരന്‍ പുഷ്പഹാരം നല്‍കിയ ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യനെ സ്വീകരിച്ചു.
ചീഫ് സെക്രട്ടറിയുടെ സ്റ്റാഫ് ഓഫീസർ, ലേബര്‍ കമ്മിഷണർ പദവികൾ വഹിച്ചിട്ടുണ്ട്. 2017 ബാച്ച് കേരള കേഡര്‍ ഐ.എ.എസ് ഉദ്യോഗസ്ഥനായ അര്‍ജ്ജുന്‍ പാണ്ഡ്യന്‍ കണ്ണൂര്‍ അസി. കളക്ടര്‍, ഒറ്റപ്പാലം, മാനന്തവാടി സബ് കളക്ടര്‍, അട്ടപ്പാടി നോഡല്‍ ഓഫീസര്‍, ഇടുക്കി ഡവലപ്‌മെന്റ് കമ്മീഷണര്‍, അഡിഷണല്‍ ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റ് ശബരിമല, റവന്യൂ വകുപ്പ് ജോയിന്റ് കമ്മിഷണര്‍, സംസ്ഥാന ലാന്‍ഡ്ബോര്‍ഡ് സെക്രട്ടറി, സാമൂഹിക സന്നദ്ധ സേന ഡയറക്ടര്‍, ഹൗസിംഗ് ബോര്‍ഡ് സെക്രട്ടറി, പട്ടികവര്‍ഗ്ഗ വികസന വകുപ്പ് ഡയറക്ടര്‍ തുടങ്ങിയ ചുമതലകള്‍ വഹിച്ചിട്ടുണ്ട്. കാസര്‍കോടിന്റെ ഇരുപത്തിയാറാമത് ജില്ലാ കളക്ടറായാണ് അര്‍ജ്ജുന്‍ പാണ്ഡ്യന്‍ ചുമതലയേറ്റത്. സംസ്ഥാനത്തെ മികച്ച ജില്ലാ കളക്ടർക്കുള്ള പുരസ്ക്കാരം നേടി തൃശ്ശൂര്‍ ജില്ലയിലെ ഒന്നരവര്‍ഷത്തിലേറെ നീണ്ട മികച്ച സേവനത്തിനുശേഷം വികസനത്തിന്റെ പുത്തന്‍ മാതൃകകള്‍ തൃശ്ശൂരിന് സമ്മാനിച്ചാണ് അര്‍ജുന്‍ പാണ്ഡ്യന്‍ കാസര്‍കോട് ജില്ലയിലേക്ക് എത്തിയത്.
കൊല്ലം ടി.കെ.എം എഞ്ചിനീയറിങ് കോളജില്‍ നിന്നും ഇലക്ട്രിക്കല്‍ എഞ്ചിനീയറിങില്‍ ബിടെക് ബിരുദം കരസ്ഥമാക്കിയ ഇദ്ദേഹം ഇടുക്കി ഏലപ്പാറ സ്വദേശിയാണ്. പാണ്ഡ്യന്‍, ഉഷാകുമാരി ദമ്പതികളുടെ മകനാണ്. ഡോ. അനുവാണ് ഭാര്യ.






